ഇസ്ലാമാബാദ്: മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി പാകിസ്താൻ സർക്കാർ. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് സേവനങ്ങൾ നിർത്തലാക്കുമെന്ന മുന്നറിയിപ്പുമായി പാക് സർക്കാർ രംഗത്തുവന്നിരിക്കുന്നത്. പാക് ദേശീയ വിവരസാങ്കേതിക ബോർഡാണ് ഇതുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയത്.
മണിക്കൂറുകളോളം പവർകട്ട് ഏർപ്പെടുത്തിയാണ് നിലവിൽ രാജ്യം പ്രതിസന്ധിയെ മറികടക്കാൻ ശ്രമിക്കുന്നത്. ഇത് വിവരസാങ്കേതിക ബോർഡിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ വരും ദിവസങ്ങളിൽ പവർകട്ട് സമയത്തിൽ വർദ്ധനവ് ഉണ്ടാകുമെന്ന പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മുന്നറിയിപ്പും പുറത്തുവന്നിട്ടുണ്ട്. ഇതേ തുടർന്നാണ് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും നിർത്തലാക്കുമെന്ന് അധികൃതർ അറിയിച്ചത്.
നിലവിൽ വൈദ്യുതി പ്രതിസന്ധിയുൾപ്പെടെ ശക്തമായ ഊർജ്ജ പ്രതിസന്ധിയാണ് പാകിസ്താനിൽ അനുഭവപ്പെടുന്നത്. ഇതേ തുടർന്ന് പാക് സർക്കാർ ജീവനക്കാരുടെ ജോലി സമയം പുന:ക്രമീകരിച്ചിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാനായി വലിയ ഷോപ്പിംഗ് മാളുകൾ ഉൾപ്പെടെ സർക്കാർ പൂട്ടിച്ചു.
Comments