ബർമിംഗ്‌ഹാം: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനത്തിൽ തകർച്ചയുടെ വക്കിൽ ഇംഗ്ലണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 416 റണ്‍സിന് മറുപടി ബാറ്റിനിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ കളിയെ മഴ മുടക്കി. ഇംഗ്ലണ്ട് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് മാത്രമാണ് നേടിയത്. ക്യപ്റ്റൻ ബെന്‍ സ്റ്റോക്സും ജോണി ബെയര്‍സ്റ്റോയുമാണ് ക്രീസിൽ തുടരുന്നത്. ഇന്ത്യ പടുത്തുയർത്തിയ സ്കോറിൽ നിന്നും 332 റണ്‍സ് പിറകിലാണ് കളി നിർത്തുമ്പോൾ ഇംഗ്ലണ്ട്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ മഴ ചതിച്ചതിന് പിന്നാലെ ഇന്ത്യയുടെ പേസര്‍മാരും മുട്ടുകുത്തിക്കുകയായിരുന്നു. പൊതുവെ സ്പിന്നേഴ്സിന് അനുകൂലമെന്ന് വിധിയെഴുതിയിട്ടുള്ള എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയുടെ പേസര്‍മാർ മിന്നും പ്രകടനമാണ് രണ്ടാം ദിനത്തിൽ കാഴ്ച വെച്ചത്. മൂന്ന് വിക്കറ്റ് നേടി ഇംഗ്ലണ്ടിനെ നടുവൊടിച്ചത് ക്യാപ്റ്റന്‍ ജസ്പ്രീത് ബൂമ്രയാണ്. ഓരോ വിക്കറ്റ് വീതം മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും വീഴ്‌ത്തിയതോടെ ഇംഗ്ലണ്ട് തകർച്ചയുടെ വക്കിലേയ്‌ക്ക് എത്തുകയായിരുന്നു.
മികച്ച ഫോമിലുള്ള ഒലി പോപ്പിന്റെ വിക്കറ്റ് ബൂമ്ര എടുത്തതോടെയാണ് ഇംഗ്ലണ്ടിന്റെ തകർച്ചയ്‌ക്ക് ആഴം കൂടിയത്. ഇംഗ്ലണ്ട് ഓപ്പണര്‍മാരായ അലക്സ് ലീസിനെയും സാക്ക് ക്രോളിയുടെയുമാണ് ബൂമ്രയുടെ മറ്റ് വിക്കറ്റുകൾ. ജസ്പ്രീത് ബുമ്ര 11 ഓവറില്‍ 35 റണ്‍സാണ് വഴങ്ങിയത്. മുഹമ്മദ് ഷമി 13 ഓവറില്‍ 33 റണ്‍സും മുഹമ്മദ് സിറാജ് 3 ഓവറിൽ 2 റണ്‍സും വഴങ്ങി. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകനമാണ് ക്യാപ്റ്റൻ ജസ്പ്രീത് ബൂമ്ര കാഴ്ച വെയ്‌ക്കുന്നത്.
.
Comments