തിരുവനന്തപുരം: ആധ്യാത്മിക ആചാര്യൻ വിദ്യാധിരാജാ ചട്ടമ്പിസ്വാമികൾക്ക് ജന്മസ്ഥലത്ത് ക്ഷേത്രമൊരുക്കി ഭക്തർ.തിരുവനന്തപുരം കണ്ണമൂലയിലാണ് എൻഎസ്എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ക്ഷേത്രവും പഠന ഗവേഷണകേന്ദ്രവും നിർമിച്ചത്.
ഇന്നലെ രാവിലെ 7.30-നും 8.15-നും ഇടയിൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്രതന്ത്രി അരയാൽ കീഴില്ലം കേശവൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ക്ഷേത്ര സമുച്ചയത്തിന്റെ സമർപ്പണവും പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനവും നടത്തി. നായർ സമുദായത്തിന്റെ ആത്മീയാചാര്യനാണ് ചട്ടമ്പിസ്വാമിയെന്ന് ഉദ്ഘാടനചടങ്ങിൽ ജി സുകുമാരൻ നായർ പറഞ്ഞു.
കണ്ണമ്മൂലയിൽ പത്തര സെന്റ് സ്ഥലത്താണ് ക്ഷേത്രം നിർമിച്ചത്. 80 സെന്റീമീറ്റർ ഉയരമുള്ള ചട്ടമ്പിസ്വാമി വിഗ്രഹത്തിന് 325 കിലോഗ്രാം ഭാരമുണ്ട്.ജൻമസ്ഥാന ക്ഷേത്രത്തിൽ നിത്യപൂജകളും പ്രത്യേക വഴിപാടുകളും ഉണ്ടാകും. ക്ഷേത്രത്തിനൊപ്പം നിർമിക്കുന്ന രണ്ടുനിലക്കെട്ടിടത്തിലാണ് പഠനഗവേഷണകേന്ദ്രം ഒരുക്കിയിരിക്കുന്നത്.
Comments