ഭുവനേശ്വർ:എൻഡിഎ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന്റെ പൈതൃകഗ്രാമത്തിൽ വൈദ്യുതി എത്തി. മുർമുവിന് നന്ദി അറിയിച്ച് ജനങ്ങൾ.സുഭാഗ്യ യോജന പദ്ധതിയ്‌ക്ക് കീഴിലാണ് വൈദ്യുതി ലഭ്യമാക്കിയത്. മുർമു താമസിച്ചിരുന്ന മയൂർഭഞ്ജ് ജില്ലയിലെ ഉപാർബേദ ഗ്രാമത്തിലെ വൈദ്യുതി ഇല്ലാതിരുന്ന വീടുകളാണ് ഇപ്പോൾ വൈദ്യുതീകരിച്ചത്. ഏഴ് ഗ്രാമങ്ങളിലായി 15,000 ത്തോളം പേരാണ് താമസിക്കുന്നത്.
കുസുമി ബ്ലോക്കിലെ ബഡാസാഹി, ദുംഗൂർസാഹി എന്നിങ്ങനെ രണ്ട് ചെറുഗ്രാമങ്ങളിലായി ഏകദേശം 3500 ഓളം പേർ താമസിക്കുന്നുണ്ട്. ഇതിൽ ബഡാസാഹി പൂർണമായി വൈദ്യുതീകരിച്ചിരുന്നു. എന്നാൽ ദുംഗൂർസാഹിയിൽ 14 വീടുകളിൽ ഇതുവരെ വൈദ്യുതി എത്തിയിരുന്നില്ല. ഈ വീടുകൾക്കാണ് മുർമു ഇടപെട്ട് വൈദ്യുതി ലഭ്യമാക്കിയത്. 38 ഇലക്ട്രിക് പോസ്റ്റുകൾ, 900 മീറ്റർ കേബിൾ, കണ്ടക്ടേഴ്‌സ് , ട്രാൻസ്‌ഫോമറുകൾ തുടങ്ങിയവയാണ് സ്ഥാപിച്ചത്.
കുടിവെള്ളം, റോഡ്, വൈദ്യുതി തുടങ്ങിയ പ്രശ്‌നങ്ങൾ വളരെ കാലമായി ഗ്രാമവാസികളെ അലട്ടുന്ന പ്രശ്‌നങ്ങളാണ്. ഉപാർബേദ ഗ്രാമത്തിന്റെ ഒരു ഭാഗത്തെ പണികളാണ് നിലവിൽ പൂർത്തിയാക്കിയത്.
വൈദ്യുതി ഇല്ലാതിരുന്നതിന്റെ ദുരിതങ്ങൾ അവസാനിച്ചെന്നും ദശാബ്ദങ്ങളായി നേരിട്ടുകൊണ്ടിരുന്ന പ്രശ്‌നത്തിന് പരിഹാരം കണ്ട മുർമുവിന് നന്ദി അറിയിക്കുകയും ചെയ്തു.ഇനി വൈദ്യുതി വെളിച്ചത്തിൽ പഠിക്കാൻ കഴിയുമെന്ന സന്തോഷത്തിലാണ് കുട്ടികൾ എന്നും പ്രദേശവാസിയായ മുന്ന പതിഹരി അറിയിച്ചു. പ്രദേശവാസികളുടെ സമരത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് വൈദ്യുതി നൽകാൻ അധികൃതർ തീരുമാനിച്ചത്്.
തദ്ദേശ സ്ഥാപന അധികൃതരോട് തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളുടെ അപര്യാപ്തതകളെ കുറിച്ച് സൂചിപ്പിച്ചിരുന്നെങ്കിലും പരിഹരിക്കാൻ തയ്യാറാകാതെയിരുന്ന സാഹചര്യത്തിലാണ് സമര മാർഗത്തിലൂടെ ഗ്രാമവാസികൾ നീങ്ങിയത്.
Comments