മുംബൈ: രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് ആവേശകരമായ സ്വീകരണവു മായി മഹാരാഷ്ട്ര. കനത്ത മഴയിലും കുടചൂടി വിമാനത്തിന് സമീപമെത്തി യാണ് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മുർമുവിനെ സ്വീകരിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പായി വിവിധ സംസ്ഥാനങ്ങളിലെ ലോക്സഭാ-നിയമ സഭാംഗങ്ങളെ നേരിട്ട് കാണാനും വോട്ട് അഭ്യർത്ഥിക്കാനുമാണ് ദ്രൗപതി മുർമു യാത്ര നടത്തുന്നത്.
മഹാരാഷ്ട്ര ഗോത്രമേഖലയ്ക്ക് എന്നും വലിയ ബഹുമാനവും അംഗീകാരവും നൽകിയ നാടാണെന്നും കരുത്തുറ്റ ഭരണം കാഴ്ചവയ്ക്കാനൊരുങ്ങുന്ന ബിജെപി-ശിവസേനാ സഖ്യത്തിന് ദ്രൗപതി മുർമുവിന്റെ ഈ അവസരത്തിലെ സന്ദർശനം ഏറെ ഊർജ്ജം പകരുന്ന ഒന്നാണെന്ന് ഫ്ഡാനാവിസ് പറഞ്ഞു. മുർമുവിനെ സ്വീകരിക്കുന്ന വീഡിയോ ട്വിറ്ററിലൂടെ അദ്ദേഹം പങ്കുവെച്ചു.
മഹാരാഷ്ട്രയിലെ ഉദ്ധവ് പക്ഷ എംപിമാരും മുർമുവിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തീരുമാനം സഖ്യമര്യാദയ്ക്ക് നിരക്കുന്നതല്ലെന്ന് ആയിരുന്നു കോൺഗ്രസിന്റെ പ്രതികരണം. അതുകൊണ്ടു തന്നെ മുർമുവിന്റെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യവും ഉണ്ട്.
Comments