കൊച്ചി: സ്വർണക്കടത്ത് കേസിൽ നിർണായക നീക്കവുമായി ഇഡി. കേസ് കേരളത്തിൽ നിന്ന് മാറ്റാൻ ട്രാൻസ്ഫർ ഹർജി നൽകി. ബെംഗളൂരുവിലെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ഇഡിയുടെ കൊച്ചി സോൺ അസിസ്റ്റന്റ് ഡയറക്ടറാണ് സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി നൽകിയത്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വീണ്ടും വിചാരണ ആരംഭിക്കാനിരിക്കെയാണ് ഇഡിയുടെ നിർണായക നീക്കം. വിചാരണ സംബന്ധിച്ച കാര്യങ്ങളിൽ സാക്ഷികളെ അട്ടിമറിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കേസ് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ആവശ്യമുയർന്നത്. സംസ്ഥാന സർക്കാർ സാക്ഷികളെ സ്വാധീനിച്ചേക്കാമെന്ന് ആശങ്കയുള്ളതായി ഇഡി നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു.
കേരളത്തിൽ വിചാരണ നടന്നാൽ അത് നീതി പൂർവ്വമാകില്ലെന്ന് കണ്ടാണ് സ്വർണക്കടത്ത് കേസ് കർണാടകയിലേക്ക് മാറ്റാൻ ഇഡി ആവശ്യമുന്നയിച്ചതെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് പ്രതികരിച്ചു. ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments