ജയ്പൂർ: നീറ്റ് പരീക്ഷയിൽ കേരളത്തിൽ പെൺകുട്ടികളുടെ ഉൾവസ്ത്രം മാറ്റി പരിശോധിച്ചുവെന്ന പരാതിയും വിവാദങ്ങളും കെട്ടടങ്ങും മുൻപേ രാജസ്ഥാനിലും സമാനമായ പെരുമാറ്റം ഉണ്ടായതായി പരാതി. രാജസ്ഥാൻ അദ്ധ്യാപക യോഗ്യതാ പരീക്ഷയെഴുതാൻ വന്ന യുവതികളുടെ വസ്ത്രം മാറ്റി പരിശോധിച്ചുവെന്ന പരാതിയാണ് ഉയരുന്നത്.
ചില പരീക്ഷാ സെന്ററുകളിലാണ് പരിശോധന പരിധി വിട്ടതായി പരാതി ഉയർന്നത്. ഉദ്യോഗാർത്ഥിനികളുടെ ദുപ്പട്ടയും സേഫ്റ്റി പിന്നും അഴിച്ചു പരിശോധിക്കുകയും മുറിവിൽ കെട്ടിയ ബാൻഡേജ് പോലും നീക്കി പരിശോധിക്കുകയും ചെയ്തതായിട്ടാണ് പരാതി. കുർത്തയുടെ കൈകൾ മുറിച്ചുമാറ്റിയതായും ഉടുപ്പിന്റെ ബട്ടനുകൾ നീക്കി പരിശോധിച്ചതായും ഉദ്യോഗാർത്ഥികൾ പറയുന്നു.
കഴിഞ്ഞ ദിവസം ദുംഗാർപൂർ ജില്ലയിൽ നടന്ന പരീക്ഷയിലാണ് ഉദ്യോഗാർത്ഥികൾക്ക് ദുരനുഭവം ഉണ്ടായത്. ദുംഗാർപൂരിൽ മാത്രം 32 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കിഷൻലാൽ ഗാർഗ് സ്‌കൂൾ, മഹാരവാൾ സ്‌കൂൾ, മോഡേൺ സ്‌കൂൾ, എംബി സ്‌കൂൾ ബിഎഡ് കോളജ് തുടങ്ങിയ സെന്ററുകളിലാണ് ഉദ്യോഗാർത്ഥിനികളുടെ ദുപ്പട്ട ഉൾപ്പെടെ നീക്കി പരിശോധന നടത്തിയത്. ശനിയാഴ്ച രാവിലെ 11,160 പേരാണ് പരീക്ഷ എഴുതിയത്. ഉച്ചയ്‌ക്ക് രണ്ടാം ബാച്ചിൽ 9216 പേരും പരീക്ഷയെഴുതിയിരുന്നു.
റീറ്റ് (ആർഇഇടി) ലെവൽ വൺ പരീക്ഷയിൽ ഒന്ന് മുതൽ അഞ്ച് വരെ ക്ലാസ് വരെയും റീറ്റ് ലെവൽ രണ്ട് പരീക്ഷയിൽ ആറ് മുതൽ എട്ട് വരെ ക്ലാസുകളിലേക്കുമാണ് അദ്ധ്യാപകരെ തിരഞ്ഞെടുക്കുന്നത്.















