ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. പാർലമെന്റിൽ നിന്ന് വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തിയതിന് പിന്നാലെയാണ് രാഹുലിനെ ഡൽഹി പോലീസ് പിടികൂടിയത്. റോഡിലിരുന്ന് പ്രതിഷേധിച്ച രാഹുലിനെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു. സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെയായിരുന്നു പ്രതിഷേധം.
#WATCH | Congress leader Rahul Gandhi detained by Delhi Police at Vijay Chowk
Congress MPs had taken out a protest march from Parliament to Vijay Chowk pic.twitter.com/kjfhKx0Gvd
— ANI (@ANI) July 26, 2022
നാഷണൽ ഹെറാൾഡ് കേസിൽ രണ്ടാം തവണയാണ് സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്. ഇതിനെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധം അഴിച്ചുവിടുകയാണ്. പാർലമെന്റിൽ നിന്ന് വിജയ് ചൗക്കിലേക്കാണ് മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പോലീസ് ഇവരെ തടയാൻ ശ്രമിച്ചെങ്കിലും നേതാക്കൾ റോഡിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇതോടെയാണ് രാഹുൽ ഉൾപ്പെടെയുള്ള എംപിമാരെ കസ്റ്റഡിയിൽ എടുത്തത്.
രാഹുൽ ഗാന്ധി കൂടാതെ മല്ലികാർജുൻ ഖാർഗെ, രഞ്ജീത് രഞ്ജൻ, കെസി വേണുഗോപാൽ, മാണിക്കം ടാഗോർ, ഇമ്രാൻ പ്രതാപ്ഗർഹി, കെ സുരേഷ് ഉൾപ്പെടെ നിരവധി പേരെ മാർച്ചിനിടെ തടഞ്ഞുവച്ചു.
ഇഡിക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി രാജ്ഘട്ടിൽ സത്യഗ്രഹം നടത്താൻ കോൺഗ്രസ് അനുമതി തേടിയെങ്കിലും അത് നിഷേധിക്കുകയായിരുന്നു. തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയുമുണ്ടായി.
Comments