നിരവധി പേരുടെ സ്വപ്നമാണ് സിനിമ. ചുരക്കം ചിലർക്ക് വേഗത്തിൽ ആ സ്വപ്നത്തിലേക്ക് എത്താൻ സാധിക്കും . ഭൂരിഭാഗം ആളുകളും സിനിമ എന്ന സ്വപ്നം പാതിവഴിയിൽ ഉപേക്ഷിച്ചവരാകും. സ്വപ്നങ്ങൾക്ക് വേണ്ടി നാം എത്രത്തോളം കഷ്ടപ്പെടുന്നോ അത്രമാത്രം നമുക്കത് നേടിയെടുക്കാം എന്ന് പറയാറുണ്ട്. ഇവിടെ അത്തരത്തിൽ തന്റെ സ്വപ്നസാക്ഷാത്കാരത്തിന് പരിശ്രമിക്കുകയാണ് ഒരു യുവാവ്.
“സിനിമയിലോ, നീയോ?“ എന്നോക്കെ ഉള്ള ചോദ്യങ്ങൾ ഭയന്ന് പലരും അത് ഉള്ളിൽ ഒളിപ്പിക്കാറാണ് പതിവ്. എന്നാൽ ഇവിടെ സിനിമയിൽ അഭിനയിക്കണം എന്ന സ്വപ്നം സമൂഹത്തിന് മുന്നിൽ വിളിച്ച് പറഞ്ഞിരിക്കുകയാണ് കോട്ടയം പനച്ചിക്കാട് സ്വദേശി ശരത്. വെറുതെ അങ്ങ് വിളിച്ച് പറയുക ആയിരുന്നില്ല, പുതിയകാവ്- തൃപ്പൂണിത്തുറ റോഡിനടുത്ത് തന്റെ സ്വപ്നം പറഞ്ഞുകൊണ്ട് ഒരു ഹോർഡിങ് സ്ഥാപിച്ചു. ചിത്രവും ഫോൺ നമ്പരും എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മാസത്തെ സമ്പാദ്യമെല്ലാം കൂട്ടിവെച്ച് 25000 രൂപ മുടക്കിയാണ് ശരത് ഇത് സ്ഥാപിച്ചിരിക്കുന്നത്.
പത്ത് വർഷമായി ശരത് ചാൻസ് ചോദിച്ച് നടക്കുന്നു. നിരവധി ഓഡിഷനുകളിൽ പങ്കെടുത്തു. എന്നാൽ പരാജയപ്പെടുകയാണ് ചെയ്തത്. അവസാന വഴി എന്നോണമാണ് ഈ സാഹസത്തിന് യുവാവ് മുതിർന്നിരിക്കുന്നത്. പത്താം ക്ലാസുമുതൽ സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്, എന്നാൽ നല്ല വേഷങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ല എന്ന് ശരത് തന്നെ പറയുന്നു.
സിനിമാക്കാർ കൂടുതലും കൊച്ചിയിലാണ്. അതുകൊണ്ടാണ് ഹോർഡിങ് ഇവിടെ വച്ചത്. ആരെങ്കിലും വിളിച്ചാലോ എന്ന പ്രതീക്ഷയിലാണ് ഇങ്ങനെ ചെയ്തത്. പരിഹസിക്കാൻ ആളുകൾ ഉണ്ടാവുമെന്ന് അറിയാം എന്നാൽ അതൊന്നും കാര്യമാക്കുന്നില്ലെന്ന് ശരത് പറയുന്നു. മമ്മൂട്ടിയാണ് തന്റെ മാതൃക എന്നും 40 വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ഇത്തരത്തിലോരു പരസ്യം കൊടുത്തിരുന്നെന്നും യുവാവ് വ്യക്തമാക്കി.















