ആലപ്പുഴ: പോലീസ് സ്റ്റേഷനിൽ യുവാവിന് മർദ്ദനമേറ്റതായി പരാതി. വീയപുരം പോലീസിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. മേൽപ്പാടം പീടികയിൽ ഗീവർഗീസിന്റെ മകൻ അജിത് പി വർഗ്ഗീസിനാണ് മർദ്ദനമേറ്റത്. ഇയാൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അജിതിന്റെ പിതൃസഹോദരനെ അയൽവാസി മർദ്ദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരാതി നൽകാൻ പോയപ്പോഴായിരുന്നു ദുരനുഭവം. പരാതി നൽകിയ ശേഷം ഇതിന്റെ രസീത് ചോദിച്ചു. അപ്പോൾ എസ്ഐ സാമുവേൽ അജിത്തിന്റെ കഴുത്തിന് കുത്തിപ്പിടിക്കുകയായിരുന്നു. തലയ്ക്കടിക്കാനും എസ്ഐ ശ്രമിച്ചതായി അജിത്തിന്റെ പരാതിയിൽ പറയുന്നു. ഇതിന് പുറമേ എസ്ഐ അജിത്തിന് നേരെ അസഭ്യവർഷവും നടത്തി. സംഭവത്തിൽ എസ്ഐയ്ക്കെതിരെ ഡിവൈഎസ്പിയ്ക്കാണ് പരാതി നൽകിയിരിക്കുന്നത്.
അതേസമയം മർദ്ദിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വാദം.
Comments