മുംബൈ : ഓഹരി വിപണികൾക്ക് മുന്നേറ്റം. 2 ശതമാനത്തോളം ഉയർന്ന മുംബൈ സൂചിക സെൻസെക്‌സ് 56,000 പോയിന്റ് പിന്നിട്ടു. ബാങ്കിംഗ് , ഫിനാൻസ് , ഐടി ഓഹരികൾ വാങ്ങുന്നതിന് ഇടപാടുകാർ കാണിച്ച താല്പര്യമാണ് വിപണിക്ക് കരുത്തേകിയത്. ഇതിന് പുറമെ നാണ്യപ്പെരുപ്പം ചെറുക്കാൻ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉയർത്തിയെങ്കിലും ഡോളർ വിനിമയത്തിൽ രൂപ ശക്തമായത് ഓഹരികൾക്ക് സഹായകമായി.
ബ്ലൂചിപ് ഓഹരികൾക്ക് മാത്രമല്ല, മിഡ് ക്യാപ്പ്, സ്‌മോൾ ക്യപ്പ് കൗണ്ടറുകളിലും വൻതോതിൽ ഓഹരി വാങ്ങലുകൾ ഉണ്ടായി. സെൻസെക്‌സ് 1,041.47 പോയിന്റ് ഉയർന്ന് 56,857.79 ൽ ക്ലോസ് ചെയ്തു. ദേശീയ ഓഹരി സൂചിക നിഫ്റ്റി 287.80 പോയിറ്റ് ഉയർന്ന് 16,929.60 ൽ ക്ലോസ് ചെയ്തു.
സെൻസെക്‌സിൽ വലിയ നേട്ടം കൈവരിച്ചത് ബജാജ് ഫിനാൻസ് (10.68 %) ബജാജ് ഫിൻസെർവ് (10.14 %) എന്നിവയാണ്. ഇതിന് പുറമെ ടാറ്റ സ്റ്റീൽ, കോട്ടക് മഹിന്ദ്ര ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ഇൻഫോസിസ് , ടെക് മഹീന്ദ്ര , നെസ്ലേ എന്നിവയും നേട്ടം ഉണ്ടാക്കി.
വിവിധ വിഭാഗം ഓഹരികളിൽ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയത് ഐടി ആണ്. എന്നാൽ ടെലികോം വിഭാഗം ഓഹരികൾക്ക് നേരിട്ടത് തിരിച്ചടിയാണ്. ഏഷ്യയിൽ സോൾ, ഷാങ്ഹായ്, ടോക്കിയോ, ഓഹരി സൂചികകൾ മുന്നേറിയപ്പോൾ ഹോങ്കോങ് സൂചികമാത്രം നഷ്ടത്തിൽ ക്ലോസ് ചെയ്തു.















