തൊണ്ണൂറുകളിൽ തിയറ്ററുകൾ ഇളക്കിമറിച്ച സുരേഷ്ഗോപി-ജോഷി കൂട്ടുകെട്ട് വീണ്ടും തിയറ്റുകളിൽ ആരവം തീർത്ത് മുന്നേറുകയാണ്. വലിയ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ ആക്ഷൻ കിംഗിനെ നായകനാക്കി മാസ്റ്റർ ക്രാഫ്റ്റ് മാൻ ജോഷി സംവിധാനം ചെയ്ത പാപ്പൻ എന്ന ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകർ. മികച്ച അഭിപ്രായം നേടിയ ചിത്രം ആദ്യം ദിനം തന്നെ 3.16 കോടി രൂപ കളക്ഷൻ നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ പുതിയ കളക്ഷൻ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത് 7.03 കോടിയെന്നാണ് ലഭിക്കുന്ന വിവരം.
ഒരു സുരേഷ് ഗോപി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനിലേയ്ക്കാണ് പാപ്പൻ കുതിച്ചു കൊണ്ടിരിക്കുന്നത്. 252 തിയറ്ററുകളിൽ പുറത്തിറങ്ങിയ ചിത്രം ആദ്യം ദിനം തന്നെ 102 അധിക പ്രദർശനം സ്വന്തമാക്കിയിരുന്നു. മാസ്സ് ഫാമിലി ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം മലയാളത്തിലിറങ്ങിയ മികച്ച ത്രില്ലറുകളിൽ ഒന്നാണെന്ന് സിനിമാ പ്രേമികൾ പറയുന്നു. എബ്രഹാം മാത്യു മാത്തൻ എന്ന പോലീസ് വേഷമാണ് ചിത്രത്തിൽ സുരേഷ് ഗോപിയുടേത്.
ജോഷി ചിത്രങ്ങളിൽ ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരു സുരേഷ് ഗോപിയെയാണ് സിനിമയിൽ കാണാൻ സാധിക്കുന്നത്. മികച്ച അഭിനയ പ്രകടനമാണ് പാപ്പനിൽ നടന്റേത്. സുരേഷ് ഗോപിയ്ക്കൊപ്പം മകൻ ഗോകുൽ സുരേഷും മകളായി അഭിനയിക്കുന്ന നീത പിള്ളയും തിയറ്ററുകളിൽ കൈയ്യടി നേടുന്നു. പാപ്പനിൽ സുരേഷ് ഗോപി എന്ന സൂപ്പർസ്റ്റാറിന്റെ വമ്പൻ തിരിച്ചു വരവായിരിക്കും എന്ന് അണിയറ പ്രവർത്തകർ റിലീസിന് മുൻപ് തന്നെ സൂചനകൾ നൽകിയിരുന്നു. തങ്ങളുടെ സൂപ്പർസ്റ്റാറിന്റെ തിരിച്ച് വരവ് ആഘോഷമാക്കുകയാണ് സുരേഷ് ഗോപി ആരാധകർ.
Comments