സ്മാർട്ട്ഫോൺ വഴി സിക്ക വൈറസ് പരിശോധന നടത്താനുള്ള ഉപകരണം കണ്ടെത്തി ഒരുപറ്റം ശാസ്ത്രജ്ഞർ. ഒരു തുള്ളി രക്തത്തിൽ സിക വൈറസ് ബാധയുണ്ടോ എന്ന് വേഗം കണ്ടെത്താൻ ഇതോടെ കഴിയുമെന്ന് അവർ പറയുന്നു. പരിശോധനയ്ക്കായി ഫോണിൽ ഘടിപ്പിക്കാൻ കഴിയുന്ന ഉപകരണമാണ് ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തിരിക്കുന്നതെന്ന് അനലിസ്റ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണത്തിൽ പറയുന്നു.
കൊതുകുകൾ പരത്തുന്ന വൈറസുകൾ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്നു. സിക്ക, മലേറിയ, ഡെങ്കി, ചിക്കുൻഗുനിയ തുടങ്ങിയോ രോഗങ്ങൾ കൊതുകുകൾ പരത്തുന്നു. ഇവയ്ക്കെല്ലാം സമാനമായ ലക്ഷണങ്ങളുണ്ട്. പനി ബാധിച്ചതിന് ശേഷമാണ് നാം പരിശോധനയ്ക്ക് വിധേയമാകുന്നത്. നവജാതശിശുക്കളിൽ വൈകല്യങ്ങൾക്ക് വരെ സിക വൈറസ് കാരണമാകുന്നു. അതിനാൽ എത്രയും വേഗത്തിൽ വൈറസ് കണ്ടെത്തേണ്ടതുണ്ട്. ലബോറട്ടറിയിൽ പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) ടെസ്റ്റുകളിലൂടെയാണ് നിലവിൽ സിക വൈറസ് അണുബാധകൾ കണ്ടെത്തുന്നത്.
ലബോറട്ടറി അധിഷ്ഠിത രീതികൾ വേഗമേറിയതും ലളിതവും കൃത്യവുമാണെങ്കിലും ഇതിന് പരിശീലനം ലഭിച്ച വ്യക്തികൾ ആവശ്യമാണ്. കൂടാതെ നിയമപരമായ നടപടി ക്രമങ്ങളുമുണ്ട്. എന്നാൽ പുതിയതായി വികസിപ്പിച്ചെടുത്ത ഉപകരണത്തിലൂടെ വളരെ നിഷ്പ്രയാസം ഒരാൾക്ക് വൈറസിന്റെ സാന്നിധ്യം കണ്ടെത്താൻ സാധിക്കും. ലൂപ്പ്-മെഡിയേറ്റഡ് ഐസോതെർമൽ ആംപ്ലിഫിക്കേഷൻ ലാബ് പരിശോധനയിൽ ലഭിക്കുന്നതു പോലെ തന്നെ രക്ത സാമ്പിളുകളിൽ വൈറസിനെ കണ്ടെത്തുന്നു.
പിസിആറിൽ ജനിതക സാമ്പിളുകൾ പരിശോധിക്കുന്നതിന് 20-40 ° C ആവർത്തിച്ചുള്ള താപനില ആവശ്യമാണ്. എന്നാൽ LAMP ടെസ്റ്റിന് ഒരു താപനില മാത്രമേ ആവശ്യമാകുന്നുള്ളു. 65 ° C ഇത് നിയന്ത്രിക്കാം. മാത്രമല്ല പിസിആർ ടെസ്റ്റുകൾ മലീനികരണത്തിന് കാരണമാകുന്നുണ്ട്. ഒരു രക്തസാമ്പിൾ പരിശോധിച്ചു കഴിഞ്ഞാൽ വസ്തുക്കൾ വീണ്ടും ഉപയോഗിക്കാൻ ശുദ്ധീകരിക്കേണ്ടി വരുന്നു. അതേസമയം, LAMP-ന് അത്തരം ശുദ്ധീകരണ നടപടികളൊന്നും ആവശ്യമില്ല.
വൈറസ് കണ്ടെത്തുന്നതിന് ആവശ്യമായ റിയാഗന്റുകൾ അടങ്ങിയ ഒരു കാട്രിഡ്ജ് പരിശോധന നടത്താൻ ഉപകരണത്തിലേക്ക് തിരുകുന്നു. ശേഷം ഉപകരണം ഒരു സ്മാർട്ട്ഫോണിൽ ഘടിപ്പിക്കാം. രോഗിയുടെ ഒരു തുള്ളി രക്തം ഇതിൽ പതിപ്പിച്ച് കഴിയുമ്പോൾ അഞ്ച് മിനിറ്റ് രാസപ്രവർത്തനം ഇവിടെ നടക്കുന്നു. കാട്രിഡ്ജിന് താഴെയുള്ള ഒരു ഹീറ്റർ ഇവയെ 65 °C വരെ ചൂടാക്കും. തുടർന്ന് രണ്ടാമത്തെ കൂട്ടം രാസവസ്തുക്കൾ ജനിതക സാമ്പിളിൽ പ്രവർത്തിക്കുന്നതോടെ രക്ത സാമ്പിളിൽ സിക്ക വൈറസ് അടങ്ങിയിട്ടുണ്ടെങ്കിൽ കാട്രിഡ്ജിനുള്ളിലെ ദ്രാവകം പച്ച നിറത്തിൽ തിളങ്ങും. പരിശോധന പ്രക്രിയ ഏകദേശം 25 മിനിറ്റ് എടുക്കും. ഇപ്പോൾ കൊതുക് പരത്തുന്ന മറ്റ് വൈറസുകളെ കണ്ടെത്താൻ സാധിക്കും വിധം ഈ ഉപകരണത്തെ പരിഷ്കരിക്കുകയാണ് ഗവേഷകർ.
Comments