തിരുവനന്തപുരം: ജനറൽ വിഭാഗത്തിലും എസ് സി, എസ് ടി വിഭാഗത്തിലും പ്രത്യേകം സ്പോർട്സ് ടീമുകൾ സജ്ജീകരിക്കാനുള്ള തിരുവനന്തപുരം കോർപ്പറേഷന്റെ നീക്കത്തിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ ട്രോളുകൾ നിറയുന്നു. നമുക്ക് ജാതിയില്ല എന്ന് പറയുന്നവർ ജാതിയുടെ പേരിൽ സ്പോർട്സ് ടീമുകൾ വേർതിരിക്കുന്നതിനെതിരെ രാഷ്‌ട്രീയ പ്രതികരണങ്ങളും ശക്തമാകുകയാണ്.
ഓരോ കായിക ഇനത്തിലും ജനറൽ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും, എസ് സി /എസ്ടി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും ആണ് ഉണ്ടാവുകയെന്നാണ് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചിരിക്കുന്നത്. കായിക താരങ്ങളിൽ കുട്ടിക്കാലത്തേ ജാതി ചിന്ത വളർത്താനും അനാവശ്യമായ മാനസിക സംഘർഷങ്ങൾ ഉണ്ടാകാനും ഇത്തരം നീക്കങ്ങൾ വഴി വെക്കുമെന്നാണ് ഇതിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നവർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.
നാഴികയ്‌ക്ക് നാൽപ്പത് വട്ടം നവോത്ഥാനം പുലമ്പുന്നവർ തന്നെ ഇത്തരത്തിൽ കുട്ടികളെ വേർതിരിക്കുന്നത് പുരോഗമനത്തെ പുറകോട്ടടിക്കുമെന്നും വിമർശകർ വ്യക്തമാക്കുന്നു. കായിക താരങ്ങളായ കുരുന്നുകളെ എന്ത് സാമൂഹിക സാഹചര്യത്തിന്റെ പേരിലാണ് ഇങ്ങനെ വേർതിരിക്കുന്നത് എന്ന ചോദ്യമാണ് ട്രോളുകളിലൂടെ ഉയരുന്നത്. ഇങ്ങനെ ഒരു നീക്കത്തിന് പിന്നിൽ എന്ത് ശാസ്ത്രീയ പഠനങ്ങളാണ് നടന്നിട്ടുള്ളതെന്നും ആരാണ് ഇത് ആസൂത്രണം ചെയ്തത് എന്ന കമന്റുകളും മേയറുടെ ഉൾപ്പെടെ ഫേസ്ബുക്ക് പേജുകളിൽ പ്രത്യക്ഷപ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്കരിച്ച ഖേലോ ഇന്ത്യ എന്ന ആശയത്തിലൂടെ വളർന്നു വന്ന ജെറമി ലാൽറിൻനുങ്ക ഉൾപ്പെടെയുള്ള താരങ്ങൾ യൂത്ത് ഒളിമ്പിക്സിലും കോമൺവെൽത്ത് ഗെയിംസിലും ഉൾപ്പെടെ മെഡലുകൾ വാരിക്കൂട്ടുമ്പോഴാണ് സമൂഹത്തിനെ പ്രാകൃത കാലഘട്ടത്തിലേക്ക് നയിക്കുന്ന ആശയവുമായി തിരുവനന്തപുരം കോർപ്പറേഷൻ മുന്നോട്ട് വരുന്നത്. കുട്ടികളോ മുതിർന്നവരോ പങ്കെടുക്കുന്ന രാജ്യത്തെ ഒരു മത്സരങ്ങളിലും ജനറൽ വിഭാഗത്തിനും എസ് സി, എസ് ടി വിഭാഗത്തിനും പ്രത്യേകം ടീമുകൾ നിലവിലില്ല. കുട്ടികൾ ചെറിയ പ്രായത്തിലേ സഹവർത്തിത്വം അഭ്യസിക്കുന്ന എൻസിസിയിലോ എൻ എസ് എസിലോ റെഡ് ക്രോസിലോ സ്കൗട്ട് ആൻഡ് ഗൈഡ്സിലോ ഇത്തരം ഒരു ചിന്താഗതി ഇല്ല. പിന്നെ ആരെയാണ് ഇവർ മാതൃകയാക്കുന്നത് എന്ന ചോദ്യവും വിവിധ കോണുകളിൽ നിന്നും ഉയരുകയാണ്.
Comments