മുംബൈ: ഇൻഡിഗോ എയർലൈൻസ് നടപ്പ് സാമ്പത്തിക വർഷം വരുമാനത്തിൽ വൻ നേട്ടം കൈവരിച്ചതായി റിപ്പോർട്ട്. ആദ്യപാദ റിപ്പോർട്ട് പ്രഖ്യാപിക്കാൻ മണിക്കൂറുകൾ അവശേഷിക്കെ, കമ്പനിയുടെ വരുമാനം പതിനായിരം കോടി കടന്നതായാണ് സൂചന. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച നേട്ടമാണ് ഇത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കൊറോണയുടെ ഡെൽറ്റ വ്യാപനം രൂക്ഷമായിരുന്നതിനാൽ അത്യാവശ്യ ഘട്ടങ്ങളിലേക്ക് മാത്രമായി വ്യോമ ഗതാഗതം നിയന്ത്രിക്കപ്പെട്ടിരുന്നു. ഇതിന്റെ ഫലമായി കമ്പനി വലിയ നഷ്ടം നേരിട്ടിരുന്നു. കൊറോണ വ്യാപനം മൂലം പ്രവർത്തനം നിർത്തി വെച്ചതിനാൽ 2020 സാമ്പത്തിക വർഷത്തിലും കമ്പനി നഷ്ടത്തിലായിരുന്നു.
കഴിഞ്ഞ പാദത്തേക്കാൾ വിപണി വിഹിതത്തിൽ കമ്പനിക്ക് 2.5 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിരുന്നു. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 37.8 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. ലോക്ക്ഡൗണിന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണ് ഇൻഡിഗോ ഈ പാദത്തിൽ നടത്തിയിരിക്കുന്നത്.
Comments