ബർമിംഗ്ഹാം : കോമൺവെൽത്ത് ഗെയിംസിൽ ഗോദയിൽ മെഡൽഉറപ്പിച്ച് ഇന്ത്യൻ മുൻനിര താരങ്ങൾ ഫൈനലിലേക്ക് കുതിച്ചു . ഇന്ത്യൻ നിര ഇന്ന് പങ്കെടുത്ത ഗുസ്തിയിലാണ് താരങ്ങളെല്ലാം ഫൈനലിലേയ്ക്ക് കടന്നത്. ബജരംഗ് പൂനിയ, ദീപക് പൂനിയ, സാക്ഷിമാലിക്, അൻഷൂ മാലിക് എന്നിവർ ഫൈനലിലേക്ക് കുതിച്ചു. ഇവർക്കൊപ്പം മോഹിത് ഗ്രേവാൾ, ദിവ്യ കാക്രാൻ എന്നിവർ വെങ്കലത്തിനായി പോരാടാനിറങ്ങും.
സെമി പോരാട്ടത്തിൽ ബദരംഗ് പൂനിയ ആതിഥേയരായ ഇംഗ്ലണ്ടിന്റെ ജോർജ്ജ് റാമിനെ 10-0നാണ് തറപറ്റിച്ചത്. 65 കിലോഗ്രാം വിഭാഗത്തിലാണ് ബജരംഗ് പൂനിയ മത്സരിക്കുന്നത്. ഫൈനലിൽ എതിരാളി കാനഡയുടെ മാക്നീലാണ്. പുരുഷവിഭാഗത്തിൽ ദീപക് പൂനിയ 86 കിലോയിൽ കാനഡയുടെ അലെക്സ് മൂറിനെ 3-1നാണ് കീഴടക്കിയത്.
വനിതാ വിഭാഗത്തിൽ സാക്ഷി മാലിക് കമാറൂണിന്റെ ബെർതേ എമിലിയെൻസിനെ 57 കിലോ വിഭാഗത്തിൽ 10-0ന് തോൽപ്പിച്ചു. അൻഷൂ മാലികും ഫൈനലിൽ എത്തി. ശ്രീലങ്കയുടെ നേത്മീ പൊറുതോതുഗേയിനെയാണ് അൻഷൂ കീഴടക്കിയത്.
Comments