ലക്നൗ : ഉത്തർപ്രദേശിൽ പിടിയിലായ ഐഎസ് ഭീകരൻ ആർഎസ്എസ് നേതാവിനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായിവിവരം. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യത്ത് വൻ ആക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരൻ സബ്ബൗദീൻ ആസ്മിയെ കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിലെ അമിലോയിൽ നിന്ന് പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
ആർഎസ്എസിലെ ഏതെങ്കിലും മുതിർന്ന നേതാവിനെ കൊലപ്പെടുത്താനും ഇയാൾക്ക് തീവ്രവാദ സംഘടനകളിൽ നിന്ന് നിർദ്ദേശം ലഭിച്ചിരുന്നതായാണ് വിവരം. രഹസ്യാന്വേഷണ ഏജൻസികളാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്.
ഹാൻഡ് ഗ്രനേഡ് ഉപയോഗിക്കാൻ പരിശീലനം നേടിയിരുന്ന ഇയാൾ മറ്റ് തീവ്രവാദ സംഘങ്ങളെ ആകർഷിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന ആസ്മിക്ക് ടെലിഗ്രാമിൽ ഒരു വ്യാജ ഐഡിയും ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഇന്ത്യയിൽ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാനാണ് ഇയാൾ ശ്രമിച്ചത്. ബോംബുകൾ, ഹാൻഡ് ഗ്രനേഡുകൾ, ഇലക്ട്രോണിക് ബോംബുകൾ എന്നിവ നിർമിക്കുന്നതിനെ കുറിച്ച് ഇയാൾ ചോദിച്ചറിഞ്ഞതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്. ബോംബ് നിർമ്മിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.
പാകിസ്താൻ, സിറിയ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള ഐഎസ് പ്രവർത്തകരുമായും സബ്ബൗദീൻ ആസ്മി ബന്ധപ്പെട്ടിരുന്നു. യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുകയും പലസ്തീൻ, കാശ്മീർ, സിറിയ എന്നിവിടങ്ങളിൽ പരിശീലനം നൽകുകയും ചെയ്യാനായിരുന്നു പദ്ധതി. അൽ സഖർ മീഡിയ ചാനലിൽ ഇവർ തങ്ങളുടെ കുറിപ്പുകൾ പങ്കുവെച്ചിരുന്നു എന്ന വിവരങ്ങളും ലഭിക്കുന്നുണ്ട്.
Comments