ചങ്ങനാശേരി: തൃക്കൊടിത്താനത്ത് സിപിഎം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ വീട് കയറി ആക്രമണം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് വീടു കയറി ആക്രമിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാറിനും ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണിയ്ക്കും പരിക്കേറ്റു.
ഏറക്കാലമായി തൃക്കൊടിത്താനത്ത് മണികണ്ഠവയൽ എന്ന സിപിഎം ശക്തികേന്ദ്രത്തിൽ കോൺഗ്രസ് യൂണിറ്റ് രൂപീകരിച്ചതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് സിപിഎം പഞ്ചായത്തംഗമായ ബൈജുവിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചത്.
രാത്രി പതിനൊന്നരയോടെ എത്തിയ ബൈജുവും ഏതാനും സിപിഎം പ്രവർത്തകരും ചേർന്ന് മനുകുമാറിനെ മർദ്ദിച്ചു. പിന്നാലെ മനുകുമാർ പോലീസിനെ വിവരമറിയിച്ചു. പുലർച്ചെ ഒന്നരയോടെ സംഭവമറിഞ്ഞ് മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടി മനുകുമാറിന്റെ വീട്ടിലെത്തി.
ഇതിന് പിന്നാലെ ബൈജുവിന്റെ നേതൃത്വത്തിൽ അറുപതോളം വരുന്ന സംഘമെത്തി മനുകുമാറിനെയും കൂട്ടരെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പോലീസിന്റെ സാന്നിധ്യത്തിലാണ് സിപിഎം പ്രവർത്തകർ വീട്ടിൽ ആക്രമണം അഴിച്ച് വിട്ടത്. എന്നാൽ മതില് പണിയുന്നതുമായി ബന്ധപ്പെട്ട തർക്കം മാത്രമാണിതെന്നാണ് പോലീസിന്റെ വാദം.
Comments