അടുത്ത കാലത്ത് ഇറങ്ങിയ ഏറ്റവും മികച്ച ചിത്രമാണ് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ്. മികച്ച നിരൂപക പ്രശംസ ഏറ്റുവാങ്ങിയപ്പോഴും ഒരു വിഭാഗം ആൾക്കാർ കടുത്ത വിമർശനവുമായി സിനിമയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. വിവാദങ്ങളും ചർച്ചകളും വിട്ടുമാറാതെ നിറഞ്ഞു നിൽക്കുകയാണ് കശ്മീർ ഫയൽസ്. ചിത്രത്തിനെതിരെ ഇപ്പോൾ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ഡിലൻ മോഹൻ ഗ്രേ. ഈ ചിത്രം ഓസ്‌കർ പുരസ്‌കാരത്തിന് അയക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് സംവിധായകന്റെ പ്രതികരണം.
ദൊബാര എന്ന സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ സംവിധായകൻ അനുരാഗ് കശ്യപ് കശ്മീർ ഫയൽസിനെതിരെ രംഗത്ത് വന്നിരുന്നു. സംവിധായകൻ നടത്തിയ പരാമർശം ഏറെ വിവാദമുണ്ടാക്കി. ഓസ്‌കർ നാമനിർദ്ദേശത്തിന് രാജമൗലിയുടെ ആർആർആർ പരിഗണിക്കപ്പെടുമെന്നും കാശ്മീർ ഫയൽസ് തിരഞ്ഞെടുക്കപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നതായും കശ്യപ് പറഞ്ഞു. ഇതിനെതിരേ വിവേക് അഗ്നിഹോത്രി പരസ്യമായി രംഗത്തും വന്നു. കൂട്ടക്കൊലയെ അവഗണിക്കുന്ന ബോളിവുഡ് ലോബി തന്റെ സിനിമയ്‌ക്കെതിരേ പ്രചരണങ്ങൾ തുടങ്ങി എന്ന് വിവേക് പ്രതികരിച്ചു.
ഇപ്പോൾ സിനിമയ്‍ക്കെതിരെ ഡിലൻ മോഹൻ ഗ്രേയും വന്നതോടെ വിവാദം കനക്കുകയാണ്. സത്യത്തിൽ ഇത് (കശ്മീർ ഫയൽസ്) വിദ്വേഷം പ്രചരിപ്പിക്കുന്ന ചവറാണ്. കലാപരമായ ഒന്നും തന്നെ ഇതിലില്ല എന്നും സനിമ ഓസ്കാർ നാമനിർദ്ദേശത്തിന് അയച്ചാൽ ഇന്ത്യയെ ലജ്ജിപ്പിക്കുമെന്നുമാണ് ഡിലൻ മോഹൻ ഗ്രേയുടെ വിവാദ പരാമർശം. കശ്മീർ പണ്ഡിറ്റുകളുടെ പലായനത്തിന്റെയും ജീവിതത്തിന്റെയും നേർക്കാഴ്ചകൾ അവതരിപ്പിച്ച കശ്മീർ ഫയൽസ് വലിയ വിജയമായിരുന്നു. എന്നാൽ ചിത്രം മതമൗലിക വാദികളേയും ഇടത് ലിബറലുകളെയും ചൊടിപ്പിച്ചിരുന്നു. എന്നാൽ എതിർപ്പുകളെ മറികടന്ന് സിനിമ സ്വന്തമാക്കിയത് 340 കോടി രൂപയാണ്.















