കൊല്ലം: സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജിനെതിരെയും കടുത്ത വിമർശനം. വീണാ ജോർജ് വീണ പോലെ കിടക്കുകയാണെന്നും ആരോഗ്യവകുപ്പ് പരാജയമാണെന്നും വിമർശനം ഉയർന്നു. ശൂരനാട് മണ്ഡലം കമ്മിറ്റിയാണ് വിമർശനം ഉയർത്തിയത്. മുഖ്യമന്ത്രി സി.പി.ഐ മന്ത്രിമാരെ അവഗണിക്കുന്നെന്ന ആരോപണവും പ്രതിനിധികൾ ഇന്ന് ആവർത്തിച്ചു.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ധനമന്ത്രി കെ എൻ ബാലഗോപാലിനും എതിരെയും വിമർശനമുണ്ടായിട്ടുണ്ട്. ലോകായുക്ത വിഷയത്തിൽ കാനത്തിനും സിപിഐ മന്ത്രിമാർക്കും വീഴ്ച പറ്റിയെന്നാണ് വിമർശനം.
കഴിഞ്ഞ ദിവസം സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെയും കാനം രാജേന്ദ്രനെതിരെയും രൂക്ഷവിമർശനം ഉയർന്നിരുന്നു. സിപിഐ മന്ത്രിമാരെ മുഖ്യമന്ത്രി അവഗണിക്കുന്നുവെന്നായിരുന്നു പ്രധാന വിമർശനം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നാവ് പണയം വെക്കാൻ പാടില്ലെന്ന് സമ്മേളനത്തിൽ കുറ്റപ്പെടുത്തി. പല പ്രധാന വിഷയങ്ങളിലും കാനം മൗനം പാലിക്കുന്നുവെന്നും ആരോപണമുയർന്നിരുന്നു.
ശബരിമല വിഷയത്തിൽ തെറ്റ് പറ്റിയെന്നും. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയ്‌ക്ക് പിന്നാലെയാണ് സിപിഎമ്മിന് ബോധോദയം ഉണ്ടായതെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
Comments