ചണ്ഡീഗഡ് : പഞ്ചാബിൽ ബിജെപി നേതാവിനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തി. ലുധിയാനയിലാണ് സംഭവം. ബിജെപി നേതാവായ ഭാരത് ഭൂഷൻ ശർമ്മയാണ്(60) കൊല്ലപ്പെട്ടത്. ഇതിന് പിന്നിൽ മയക്കുമരുന്ന് സംഘമാണെന്നാണ് കണ്ടെത്തൽ. ആക്രമണത്തിൽ ബിജെപി നേതാവിന്റെ ദിവ്യാംഗനായ മകനും ഗുരുതരമായി പരിക്കേറ്റു.
ശിവപുരിയിലെ തുതിയാൻ വാല ക്ഷേത്രത്തിന് സമീപത്താണ് സംഭവം. പത്തോളം ആളുകൾ ചേർന്ന് ഭാരത് ഭൂഷണിന്റെ വീടിന് മുന്നിൽ മയക്കുമരുന്ന് ഉപയോഗിക്കുകയും ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തതോടെ ഇത് ചോദിക്കാൻ വേണ്ടിയാണ് അദ്ദേഹം അങ്ങോട്ട് പോയത്. തുടർന്ന് ലഹരിസംഘത്തോട് പ്രദേശത്ത് നിന്ന് പോകാൻ ആവശ്യപ്പെട്ടെങ്കിലും അവർ അനുസരിച്ചില്ല.
മാത്രമല്ല ചോദ്യം ചെയ്യാൻ പോയ ഭാരത് ഭൂഷണിനെ അക്രമികൾ മർദ്ദിച്ച് അവശനാക്കുകയായിരുന്നു. റോഡിൽ ബോധരഹിതനായി വീണ നേതാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments