മുംബൈ: പോലീസ് വാനിൽ ഇരുന്ന് ജന്മദിന കേക്ക് മുറിച്ചു. മഹാരാഷ്‌ട്രയിലെ താനെ ജില്ലയിലെ ഉല്ലാസ്‌നഗറിലാണ് സംഭവം.
കോടതിയിലെത്തിച്ച പ്രതിയാണ് ഗുണ്ടാസംഘം നൽകിയ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയ സംഘാഗങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ അടക്കം പങ്കിടുകയും വാട്സ് ആപ്പിൽ സ്റ്റാറ്റസാക്കുകയും ചെയ്തു.
ഉല്ലാസ് നഗർ നിവാസിയായും ഗുണ്ടാസംഘത്തിലെ പ്രധാനിയുമായ റോഷൻ ഝായാണ് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കൊലപാതകം, കൊലപാതകശ്രമം, കൊള്ളയടിക്കൽ തുടങ്ങി നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്.
ജയിലിലായിരുന്ന പ്രതിയെ കേസുമായി ബന്ധപ്പെട്ട് കല്യാണിലെ കോടതിയിലേക്ക് കൊണ്ടുവന്നപ്പോഴാണ് സംഭവം. പ്രതിയുടെ വീഡിയോ വൈറൽ ആയതോടെ സമൂഹമാദ്ധ്യ മങ്ങളിലടക്കം കടുത്ത വിമർശനമാണ് ഉയരുന്നത്. സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. പോലീസുകാർ ഒത്താശ ചെയ്ത് നൽകിയതായി തെളിഞ്ഞാൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Comments