ന്യൂഡൽഹി: മുതിർന്ന നേതാവ് ആനന്ദ് ശർമ്മയ്ക്ക് പിന്നാലെ പദവി ഉപേക്ഷിച്ച് കോൺഗ്രസ് ദേശീയ വക്താവ് ജയ്വീർ ഷെർഗിൽ. ദേശീയ വക്താവ് സ്ഥാനം രാജിവയ്ക്കുന്നതായി അറിയിച്ച് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് അദ്ദേഹം കത്ത് നൽകി. പാർട്ടി നേതൃത്വവുമായുള്ള വിയോജിപ്പുകളെ തുടർന്നാണ് അദ്ദേഹം സ്ഥാനം രാജിവെച്ചത്.
ഉച്ചയോടെയാണ് അദ്ദേഹം രാജിക്കത്ത് സോണിയ ഗാന്ധിയ്ക്ക് കൈമാറിയത്. കോൺഗ്രസിന്റെ തീരുമാനങ്ങൾ പാർട്ടിയുടെ മാത്രം താത്പര്യത്തിനനുസരിച്ചാണെന്നും, ജനതാത്പര്യത്തിനനുസരിച്ച് അല്ലെന്നും രാജി സന്നദ്ധത അറിയിച്ച് അദ്ദേഹം നൽകിയ കത്തിൽ പറയുന്നു. മുഖസ്തുതിയിൽ അഭിരമിക്കുന്ന ചില സ്വാർത്ഥരായ ആളുകളാൽ പാർട്ടിയുടെ തീരുമാനങ്ങൾ സ്വാധീനിക്കപ്പെട്ടിരിക്കുന്നു. ഇതെല്ലാം പറയുന്നതിൽ തനിക്ക് അതിയായ ദു:ഖമുണ്ടെന്നും ഷെർഗിൽ കത്തിൽ വ്യക്തമാക്കുന്നുണ്ട്.
പാർട്ടിയുമായുള്ള അസ്വാരസ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസം മുതിർന്ന നേതാവ് ആനന്ദ് ശർമ്മ ഹിമാചൽപ്രദേശ് സ്റ്റിയറിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ വക്താവ് സ്ഥാനം ഷെർഗിലും ഉപേക്ഷിച്ചത്. നേരത്തെ ഗുലാം നബി ആസാദും പദവി രാജിവെച്ചിരുന്നു.
Comments