തിരുവനന്തപുരം : കേരളത്തിൽ പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കുമ്പോൾ ചാല ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് പെൺകുട്ടികൾ എത്തും. പെൺകുട്ടികളുടെ പ്രവേശനോത്സവമാണ് ഇന്ന് നടക്കുക. നാല് ദശാബ്ദത്തിന് ശേഷമാണ് ഈ വിദ്യാലയത്തിലേക്ക് പെൺകുട്ടികൾ പഠിക്കാൻ എത്തുന്നത്.
രാവിലെ 9.30 ഓടെ സ്വീകരണ സമ്മേളനം ആരംഭിക്കും. ഇതിൽ ഗതാഗത മന്ത്രി ആന്റണി രാജുവും പങ്കെടുക്കും, മന്ത്രിയാണ് പെൺകുട്ടികളെ സ്കൂളിലേക്ക് വരവേൽക്കുന്നത്. ഫലവൃക്ഷത്തൈകൾ നൽകി വിദ്യാർത്ഥിനികളെ സ്കൂളിലേക്ക് സ്വീകരിക്കും.
ഇംഗ്ലീഷ്, മലയാളം, തമിഴ് മീഡിയങ്ങളിൽ പ്രവർത്തിച്ചിരുന്ന ചരിത്രപ്രാധാന്യമുള്ള ഏക വിദ്യാലയമാണ് ചാല ഗവൺമെന്റ് സ്കൂൾ. കുട്ടികളുടെ എണ്ണം കൂടിയപ്പോഴാണ് ഗേൾസ് സ്കൂൾ, തമിഴ് സ്കൂൾ, ബോയ്സ് സ്കൂൾ എന്നിങ്ങനെ മൂന്നായി തിരിച്ചത്. അത് വർഷങ്ങൾക്ക് ശേഷം വീണ്ടും മിക്സഡ് സ്കൂൾ ആക്കി മാറ്റുകയാണ്.
ആകെ 18 പെൺകുട്ടികളാണ് സ്കൂളിലെ ലിസ്റ്റിലുള്ളത്. ഇതിൽ 12 പേർ അഡ്മിഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. ഇനിയും കൂടുതൽ വിദ്യാർത്ഥിനികൾ സ്കൂളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
Comments