പാലക്കാട് : പാലക്കാട് നെല്ലിയാമ്പതിയിൽ കനത്ത മഴ. നൂറടി പുഴ കര കവിഞ്ഞ് ഒഴുകി. നിരവധി കടകളിലും വീടുകളിലും വെള്ളം കയറി.
ഇന്നലെ രാത്രിയോടെയാണ് മലയോര മേഖലയായ നെല്ലിയാമ്പതിയിൽ ശക്തമായ മഴ പെയ്തത്. തുടർന്ന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. നൂറടി ,പാടഗിരി, പോത്തുപ്പറ, ലില്ലി, വിക്ടോറിയ, കാരപ്പാറ തുടങ്ങിയ ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടു.
മഴക്കാലം ആരംഭിച്ചതിനുശേഷം മൂന്നാം തവണയാണ് നൂറടി ഭാഗത്ത് വെള്ളം കയറുന്നത്, കച്ചവട സ്ഥാപനങ്ങളിലെല്ലാം വലിയ നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. നൂറടി പുഴയിൽ നവീകരണ പ്രവർത്തനങ്ങൾ നടത്താത്തതും, അനധികൃതമായി ഉണ്ടാക്കിയ ചെക്ക് ഡാമുകളുമാണ് മഴ കനത്താൽ ജലനിരപ്പ് ഉയരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
കഴിഞ്ഞ പ്രളയകാലത്തെ ഉൾപ്പെടെ നഷ്ടപരിഹാരം സർക്കാർ ഇതുവരെ നൽകിയിട്ടില്ല എന്നും പ്രദേശവാസികൾ പറയുന്നു.
















