ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ വനിതാ റേസിംഗ് ചാമ്പ്യൻ അലീഷ അബ്ദുള്ള ബിജെപിയിൽ ചേർന്നു. തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈയുടെ സാന്നിധ്യത്തിലാണ് അലീഷ ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. കായിക രംഗത്തിന് പ്രധാനമന്ത്രി നൽകുന്ന അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും കണ്ട് പ്രചോദനം ഉൾക്കൊണ്ടാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് അണ്ണാമലൈയിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചതിനു ശേഷം അലീഷ അബ്ദുള്ള പറഞ്ഞു.
ഒരു കായിക താരത്തേയും അത്ഭുതം സൃഷ്ടിക്കുന്ന റേസറേയും ബിജെപിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് കെ.അണ്ണാമലൈ പ്രതികരിച്ചു. പുരുഷന്മാർ ആധിപത്യം പുലർത്തുന്ന ഒരു കായികരംഗത്ത് തന്റെ മുന്നിലുള്ള തടസ്സങ്ങളെല്ലാം തകർത്ത എല്ലാവർക്കും പ്രചോദനമാകുന്ന വനിത രത്നമാണ് അലീഷ അബ്ദുള്ളയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി തനിക്ക് നൽകുന്ന ആദരവും അംഗീകരവും ബിജെപിയുടെ ഭാഗമാകാൻ തന്നെ പ്രേരിപ്പിച്ചുവെന്ന് അലീഷയും പറഞ്ഞു.
ബിജെപി കുടുംബത്തിന്റെ ഭാഗമായതിൽ സന്തോഷമുണ്ട്. ബിജെപിയുടെ സ്പോർട്സ് ആൻഡ് സ്കിൽ ഡെവലപ്മെന്റ് സെൽ പ്രസിഡന്റ് അമർ പ്രസാദ് റെഡ്ഡി ഉൾപ്പടെയുള്ള നേതാക്കന്മാർ തന്നെപോലുള്ള താരങ്ങൾക്ക് വലിയ ബഹുമാനവും അംഗീകാരവും ആദരവും നൽകുന്നു. ഈ സ്നേഹമാണ് തന്നെ പോലുള്ളവരെ ബിജെപിയിൽ ചേരാൻ പ്രേരിപ്പിക്കുന്നതെന്നും അലീഷ അബ്ദുള്ള പറഞ്ഞു. സ്ത്രീകളുടെ ഉന്നമനത്തിനായി പരമാവധി ശ്രമിക്കുമെന്ന് ഉറപ്പു നൽകുന്നുവെന്നും അവർ വ്യക്തമാക്കി.
Comments