സോഷ്യൽ മീഡിയ പേജുകളിലെ പേരിൽ മാറ്റം വരുത്തി മുൻ എംപിയും നടനുമായ സുരേഷ് ഗോപി. പേരിന്റെ അക്ഷരങ്ങളിലാണ് മാറ്റം വരുത്തിയത്. Suresh Gopi എന്നായിരുന്നു താരത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലെ സ്പെല്ലിംഗ്. എന്നാൽ ഇപ്പോൾ ഒരു ‘ട’ കൂടി ചേർത്താണ് മാറ്റിയിരിക്കുന്നത്. ‘Suressh Gopi’ എന്നാണ് മാറ്റിയത്.
എന്തുകൊണ്ടാണ് പേരിലെ മാറ്റമെന്ന് ആരാധകർ അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്. കമന്റ് ബോക്സുകളിലും മറ്റും നിരവധി പേർ ഈ ചോദ്യവുമായി രംഗത്തെത്തി. സ്വന്തം നിരീക്ഷണങ്ങളും കമന്റിൽ അവതരിപ്പിക്കുന്നവരും ഉണ്ട്. അടുത്തിടെ നടി ലെനയും സോഷ്യൽ മീഡിയയിലെ പേരിൽ മാറ്റം വരുത്തിയിരുന്നു. ‘Lena’ എന്നത് ‘Lenaa’ എന്നാക്കിയാണ് മാറ്റിയത്.
അതേസമയം, ‘മേ ഹൂം മൂസ’യാണ് അടുത്തതായി റിലീസിന് കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രം. വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലപ്പുറംകാരനായ മൂസ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. വളരെ ഗൗരവമായ ഒരു പ്രമേയം തികഞ്ഞ ലാളിത്യത്തോടെ അവതരിപ്പിക്കുന്ന ചിത്രമാകും ‘മേ ഹൂം മൂസ’.1998 മുതൽ 2019 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പശ്ചാത്തലം. കൊടുങ്ങല്ലൂർ, മലപ്പുറം, പൊന്നാനി, പൂഞ്ച്, ജയ്പ്പൂർ, ഡൽഹി, വാഗ അതിർത്തി അടക്കം ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ചിത്രീകരിച്ച സിനിമ സെപ്റ്റംബർ 30-ന് പ്രദർശനത്തിനെത്തും.
ജോഷി-സുരേഷ്ഗോപി കൂട്ടുക്കെട്ടിൽ അടുത്തിടെ തിയറ്ററിൽ ഇറങ്ങിയ ‘പാപ്പൻ’ വലിയ വിജയമായിരുന്നു. ജൂലൈ 29-ന് തിയറ്ററിൽ റിലീസ് ചെയ്ത സിനിമയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. കൊറോണ പ്രതിസന്ധികൾക്ക് ശേഷം കരകയറി വരുന്ന സിനിമാ മേഖലയ്ക്ക് ആശ്വാസമായ പാപ്പൻ ബോക്സ്ഓഫീസിൽ നിന്നും അമ്പത് കോടിയ്ക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കിയിരുന്നു. എബ്രഹാം മാത്യു മാത്തൻ എന്ന പോലീസ് വേഷത്തിലായിരുന്നു ചിത്രത്തിൽ സുരേഷ്ഗോപി എത്തിയത്.
Comments