തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ ഇന്ന് അതി തീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. അതി തീവ്ര മഴ പെയ്യുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ ഇത് ഓറഞ്ച് അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്.
ഓണ നാളുകളിലും സംസ്ഥാനത്ത് അതി ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണത്തിന്റെ പ്രവചനം. ഒന്നാം ഓണമായ നാളെ പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെങ്കിലും മഴ ലഭിക്കും. തിരുവോണ നാളായ വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്.
മഴയ്ക്ക് പുറമേ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. വെള്ളിയാഴ്ചവരെ കടലിൽ പോകരുതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Comments