മലപ്പുറം: പരപ്പനങ്ങാടിയിൽ ഗതാഗത തടസ്സം ഉണ്ടാക്കി ഓണാഘോഷം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ കേസ് എടുത്ത് പോലീസ്. 50 ഓളം വിദ്യാർത്ഥികൾക്കെതിരെയാണ് കേസ് എടുത്തത്. വിദ്യാർത്ഥികളിൽ ചിലരുടെ വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.
പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥികൾക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു വിദ്യാർത്ഥികളുടെ ഓണാഘോഷ പരിപാടി. ഇതിന്റെ ഭാഗമായി പുത്തരിക്കലിൽ റോഡിലൂടെ വിദ്യാർത്ഥികൾ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. ഇതാണ് ഗതാഗത തടസ്സം ഉണ്ടാക്കിയത്.
വാഹനങ്ങൾക്ക് കടന്ന് പോകാൻ ബുദ്ധിമുട്ട് നേരിട്ടതോടെ പോലീസ് വിദ്യാർത്ഥികളോട് ഘോഷയാത്ര അവസാനിപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ വിദ്യാർത്ഥികൾ വിസമ്മതിക്കുകയായിരുന്നു. ഇതോടെ ലാത്തി വീശിയായിരുന്നു വിദ്യാർത്ഥികളെ പോലീസ് പിരിച്ചുവിട്ടത്.
രൂപമാറ്റം വരുത്തിയ ബൈക്കുകളും ജീപ്പുകളും വിദ്യാർത്ഥികൾ ഘോഷയാത്രയിൽ ഉപയോഗിച്ചിരുന്നു. ഇതാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
Comments