തിരുവനന്തപുരം: കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭിച്ചിട്ട് ദിവസങ്ങൾ പിന്നിടുകയാണ്. കോൺഗ്രസ്സ് പാർട്ടിയുടെ തലയെടുപ്പുള്ള നേതാക്കളെല്ലാം ഒരു കുടക്കീഴിൽ അണിചേർന്ന് ഭാരതത്തെ ഒരുമിച്ച് ചേർക്കാൻ നടത്തുന്ന യാത്രയ്‌ക്ക് ഇതിനോടകം നിരവധി വിമർശനങ്ങളും വന്നു ചേർന്ന് കഴിഞ്ഞു.
പദയാത്രയ്‌ക്ക് പങ്കെടുക്കാൻ തീരുമാനിച്ചിരിക്കുന്ന 120 സ്ഥിരം നേതാക്കൾക്ക് താമസിക്കാൻ 60 ട്രക്കുകളിൽ കയറ്റിയ കണ്ടെയ്‌നറുകളാണ് ഒരുക്കിയിരിക്കുന്നത്. നേതാക്കൾക്ക് വിശ്രമിക്കാനും മറ്റു സൗകര്യത്തിനും ഏർപ്പെടുത്തിയിരിക്കുന്ന കണ്ടെയ്‌നറുകൾ വ്യത്യസ്ത രീതിയിലും സൗകര്യത്തിലുമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
രാഹുൽ ഗാന്ധി മുതൽ സംസ്ഥാന നേതാക്കൾ വരെയുള്ളവർക്കായി തയ്യാറാക്കിയ കണ്ടെയ്‌നറുകളെ പ്രത്യേക നിറങ്ങളിൽ ആണ് തരം തിരിച്ചിരിക്കുന്നത്. ഒരു തീവണ്ടിയുടെ ബോഗിയുടെ വലുപ്പം തോന്നിക്കുന്ന കണ്ടെയ്നറുകളിൽ ആഡംബര സൗകര്യത്തോടെ ഉള്ള കിടക്കകളും ടോയ്‌ലെറ്റ് സംവിധാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. മഞ്ഞ , നീല നിറങ്ങളിൽ തരം തിരിച്ചിരിക്കുന്നവയ്‌ക്ക് പ്രത്യേകതകൾ ഏറെയാണ്.
മഞ്ഞ നിറത്തിലുള്ള കണ്ടെയ്നറുകളിൽ ഒരു കിടക്കയും ശുചിമുറിയും മാത്രമേ ഉള്ളു. നീല നിറത്തിലുള്ളവയ്‌ക്ക് രണ്ട് കിടക്കകൾ ഉണ്ട്. യാത്ര ക്യാപ്റ്റൻ ആയ രാഹുൽ ഗാന്ധിക്ക് വേണ്ടി തയ്യാറാക്കിയ കണ്ടെയ്നറിൽ ഒരു കിടക്കയും ശുചിമുറിയും, മറ്റു സൗകര്യങ്ങളുമാണ് ഉണ്ടായിരിക്കുന്നത്. എല്ലാ കണ്ടെയ്‌നറുകളും എയർ കണ്ടീഷൻ ചെയ്തതും അത്യാധുനിക സൗകര്യവുമാണ് ഒരുക്കിയിരിക്കുന്നത്.
പദയാത്രയുടെ ഭാഗമായുള്ള എല്ലാ കണ്ടെയ്‌നറുകളിലും ശുചിമുറികൾ ഇല്ലെങ്കിലും സ്ത്രീകൾക്ക് മാത്രമായി ഒരുക്കിയവയിൽ ശുചിമുറി ഉൾപ്പെടുന്ന സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ പ്രധാനപ്പെട്ട നേതാക്കളുടെ കണ്ടെയ്‌നറുകളിൽ തുണി അലക്കാനായി വാഷിംഗ് മിഷ്യൻ വരെ ഏർപ്പെടുത്തിയിട്ടുണ്ട്. പദയാത്ര നല്ല ബുദ്ധിമുട്ടാണെന്നും നടക്കാൻ കഷ്ടപ്പാടുണ്ടെന്നുമാണ് യാത്രയുടെ സ്ഥിരം അംഗമായ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി മഞ്ജുക്കുട്ടൻ പറയുന്നത്.
പല നേതാക്കളും നടക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നുണ്ട്. കണ്ടെയ്‌നറിൽ കയറിയാൽ ഏറെ ആശ്വാസമാണ്. നടന്ന് ക്ഷീണിച്ച് ശീതീകരിച്ച കണ്ടെയ്‌നർ മുറികളിൽ കയറിയാൽ ഉറങ്ങി പോകുന്ന സാഹചര്യമാണ് ഉള്ളത്. കേരളത്തിലെ നേതാക്കൾ ഉൾപ്പെടുന്നവർ നടക്കുമ്പോൾ ശാരീരികമായ പ്രയാസങ്ങൾ നേരിടാറുണ്ട്. ഒരു ദിവസം നടന്ന നേതാക്കൾ പിറ്റേന്ന് നടക്കാൻ മടി കാണിക്കുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. കൂടെ ഉള്ള സഹയാത്രികരുടെ ഉത്സാഹം കണ്ടപ്പോൾ വീണ്ടും ആവേശത്തോടെ നടന്നു എന്നും മഞ്ജുക്കുട്ടൻ പറയുന്നു.
തിരുവനന്തപുരത്തെത്തിയ പദയാത്രയിൽ വളരെ മോശം സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. യാത്ര ചെയ്തു കാൽപ്പാദം പൊട്ടി ഒലിക്കുകയും, കാലുകൾക്കും പേശികൾക്കും വേദന അനുഭവപ്പെടുന്ന സാഹചര്യം ഉണ്ടായപ്പോഴും വേണ്ടത്ര ചികിത്സാ സൗകര്യങ്ങൾ നൽകാൻ കഴിഞ്ഞില്ലെന്ന് മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഷീബ രാമചന്ദ്രൻ പറഞ്ഞു. യാത്രയുടെ ഭാഗമായുള്ള സ്ത്രീകൾക്ക് ആദ്യ സമയങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കേണ്ടി വന്നെങ്കിലും പിന്നീടത് പരിഹരിക്കപ്പെട്ടെന്നും അവർ സൂചിപ്പിച്ചു.
ഭാരത് ജോഡോ യാത്ര ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ വലിയ ബുദ്ധിമുട്ടുകളില്ലാതെ സുഖ സൗകര്യത്തോടെ പദയാത്രയിൽ പങ്കെടുക്കാൻ നേതാക്കൾക്കായി ആഡംബര സംവിധാനത്തോടെയുള്ള വിശ്രമ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കണ്ടെയ്‌നർ യാത്രയാണെന്ന് പറഞ്ഞത് സി പി എം നേതാവ് എം സ്വരാജാണ്. തൊട്ടു പിന്നാലെ ബി ജെ പി നേതാക്കൾ കോൺഗ്രസ്സിന്റെ ആഡംബര യാത്രയെ പരിഹസിച്ചു കൊണ്ട് രംഗത്ത് വന്നു.
Comments