താഷ്കന്റ്: ഉസ്ബെക്കിസ്ഥാനിൽ നടന്ന പ്രാദേശിക ഉച്ചകോടിക്കിടെ പാകിസ്താൻ പ്രധാനമന്ത്രിയ്ക്ക് പറ്റിയ അബദ്ധം ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ഉച്ചകോടിയുടെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഹെഡ്ഫോൺ ധരിക്കാനറിയാതെ ബുദ്ധിമുട്ടുന്ന വീഡിയോ വൈറലാവുകയാണ്. ഹെഡ്ഫോൺ ഇടാൻ പലവട്ടം ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം പരാജയപ്പെടുന്നത് വീഡിയോയിൽ കാണാം.
ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സിഒ) 22-ാമത് ഉച്ചകോടി നടക്കുന്ന സമർഖണ്ഡിൽ നടന്ന ചർച്ചയ്ക്കിടെയാണ് സംഭവം. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ചെവിയിൽ നിന്നും ഹെഡ്ഫോൺ ഊരിവീണു. തുടർന്ന് അദ്ദേഹം ചെവിയിൽ പിടിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുകയാണ്. ഹെഡ്ഫോൺ ശരിയാക്കാൻ ശ്രമിക്കുന്നതിനിടെയുള്ള ഷെഹ്ബാസ് ഷെരീഫിന്റെ ഭാവ വ്യത്യാസങ്ങളും ആംഗ്യങ്ങളും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ ചിരിപ്പിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
സംഭവം രാജ്യാന്തര തലത്തിൽ പാകിസ്താന് വലിയ നാണക്കേടുണ്ടാക്കിയതായി മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടി പ്രവർത്തകർ ആരോപിച്ചതോടെ ഷെഹ്ബാസ് ഷെരീഫ് സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം നേരിട്ടു. പാകിസ്താന് നിരന്തരം നാണക്കേട് ഉണ്ടാക്കുകയാണ് ഷെരീഫ് എന്നും പ്രസിഡന്റ് പുടിൻ ഈ വിചിത്ര മനുഷ്യനെ നോക്കി പൊട്ടിച്ചിരിക്കുകയാണെന്നുമുള്ള വിമർശനങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അതേസമയം, രണ്ട് വർഷത്തിനിടെ കൊറോണ ഭയത്തെ പൂർണ്ണമായി അകറ്റി നിർത്തി നടത്തുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ ആദ്യ ഉച്ചകോടിയാണിത്. ഇന്നലെ രാത്രി സമർഖണ്ഡിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ എട്ട് അംഗരാജ്യങ്ങളുടെ നേതാക്കൾ ഇതിൽ പങ്കെടുക്കുന്നുണ്ട്.
Comments