കാൻബെറ: സച്ചിൻ ടെണ്ടുൽക്കറുടെ നൂറ് അന്താരാഷ്ട്ര സെഞ്ച്വറികൾ എന്ന നേട്ടം മറികടക്കാൻ വിരാട് കോഹ്ലിക്ക് സാധിക്കുമെന്ന് താൻ ഇപ്പോഴും വിശ്വസിക്കുന്നതായി മുൻ ഓസ്ട്രേലിയൻ ക്യാപ്ടൻ റിക്കി പോണ്ടിംഗ്. മൂന്ന് വർഷങ്ങൾക്ക് മുൻപ് ഏവരും അദ്ദേഹത്തിന് അത് സാധിക്കും എന്ന് നിസ്സംശയം വിശ്വസിച്ചിരുന്നു. എന്നാൽ, ഇപ്പോൾ പലർക്കും അക്കാര്യത്തിൽ അവിശ്വാസം ഉണ്ട്. തനിക്ക് അദ്ദേഹത്തിന്റെ പ്രതിഭയിൽ ഇപ്പോഴും വിശ്വാസമുണ്ടെന്നും പോണ്ടിംഗ് പറഞ്ഞു.
ഒരു വർഷം നാലോ അഞ്ചോ ടെസ്റ്റുകളിൽ സെഞ്ച്വറി നേടിയാലും അടുത്ത അഞ്ച് വർഷം കൊണ്ട് അദ്ദേഹത്തിന് ആ നേട്ടത്തിന് അരികെയെത്താൻ സാധിക്കും. ഏകദിനങ്ങളിലും ട്വന്റി 20 ഫോർമാറ്റിലും അദ്ദേഹം ഒരേ പോലെ തിളങ്ങുന്ന താരമാണ്. വിരാടിന്റെ കാലം കഴിഞ്ഞു എന്ന് പലരും പറഞ്ഞപ്പോഴും ഞാൻ അങ്ങനെ ചിന്തിക്കാൻ തയ്യാറായിരുന്നില്ല. ഏഷ്യാ കപ്പ് ട്വന്റി 20യിൽ സെഞ്ച്വറി നേടിയപ്പോൾ, ആ പഴയ ആവേശവും റൺ ദാഹവും മാസ്റ്റർ ക്ലാസ് സ്ട്രോക്കുകളും അദ്ദേഹത്തിൽ നാം വീണ്ടും കണ്ടതാണ്. പോണ്ടിംഗ് പറഞ്ഞു.
പല ഇതിഹാസ താരങ്ങൾക്കും കരിയറിന്റെ വ്യത്യസ്ത കാലഘട്ടങ്ങളിൽ സംഭവിച്ചിട്ടുള്ള ഒരു ബ്ലോക്ക് ആണ് വിരാടിന്റെ കരിയറിലും സംഭവിച്ചത്. ദൗർഭാഗ്യവശാൽ, കുറച്ച് അധിക കാലം അത് നീണ്ടു പോയി. ഒരു പക്ഷേ, ഇനിയായിരിക്കും അദ്ദേഹത്തിന്റെ കരിയറിലെ യഥാർത്ഥ സുവർണ കാലഘട്ടം തുടങ്ങാൻ പോകുന്നത്. ഐസിസി റിവ്യൂവിൽ പോണ്ടിംഗ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
Comments