തിരുവനന്തപുരം: മത വിദ്യാഭ്യാസത്തിന്റെ കാര്യം പറഞ്ഞ് സ്കൂൾ സമയക്രമം നിശ്ചയിക്കുന്നത് ശരിയല്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. സ്കൂൾ പ്രവർത്തന സമയം തീരുമാനിക്കേണ്ടത് മതസംഘടനകളല്ലെന്നും, മത സംഘടനകൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കിയാൽ അത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം താക്കീത് നൽകി.
സ്കൂൾ സമയക്രമം മാറ്റാനുള്ള തീരുമാനം എടുത്തപ്പോൾ മുസ്‍ലിം ലീഗ് അടക്കമുള്ളവർ എതിർത്തു. വിദ്യാർത്ഥികൾക്ക് ഗുണകരമായ സമയക്രമമാണ് വേണ്ടത്. രക്ഷിതാക്കളുമായും വിദ്യാഭ്യാസ വിചക്ഷണരുമായും ചർച്ച ചെയ്ത ശേഷമാണ് സമയക്രമം തീരുമാനിക്കേണ്ടത്. സർക്കാരും കരിക്കുലം കമ്മിറ്റിയുമൊക്കെ ചേർന്നാണ് സമയക്രമം നിശ്ചയിക്കുന്നത്, അല്ലാതെ മതസംഘടനകളല്ല എന്ന് എം.ടി.രമേശ് പറഞ്ഞു.
സ്കൂൾ പഠന സമയക്രമത്തിൽ മാറ്റത്തിന് ശുപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റിയുടെ രണ്ടാം റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. സ്കൂൾ പഠന സമയം രാവിലെ 8 മുതൽ 1 മണി വരെ ആക്കണമെന്നാണ് ഖാദർ കമ്മിറ്റിയുടെ ശുപാർശ. പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നും അതിന് ശേഷമുള്ള സമയം കായിക പഠനം അടക്കമുള്ള മറ്റുളള കാര്യങ്ങൾക്ക് മാറ്റിവെക്കാമെന്നും റിപ്പോർട്ടിലുണ്ട്.
Comments