കൊല്ലം : ഹർത്താൽ ദിനത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക്് നേരെ അക്രമം നടത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ. ഉദ്യോഗസ്ഥരെ ബൈക്ക് ഇടിച്ച് അപായപ്പെടുത്തിയ കേസിലെ പ്രതി ഷംനാദാണ് പോലീസ് പിടിയിലായത് . സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. കൊല്ലം പള്ളിമുക്കിലാണ് സംഭവം.
യാത്രക്കാരെ അസഭ്യം പറഞ്ഞത് തടയാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. സീനിയർ സിവിൽ പോലീസ് ഓഫീസർ ആന്റണി , സിപിഒ നിഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാജ്യത്ത് വിവിധ ഇടങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ വ്യാപക പരിശോധന നടത്തിയതിന് പിന്നാലെയാണ് കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി വ്യാപക ആക്രമണങ്ങളാണ് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അഴിച്ച് വിട്ടത്. കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞും ചില്ല് തകർത്തും കടകൾ ഭീഷണിപ്പെടുത്തി അടപ്പിച്ചുമായിരുന്നു അക്രമം.
ഹർത്താൽ അക്രമങ്ങളിൽ സംസ്ഥാനത്ത് ഇതുവരെ 308 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവിധ അക്രമങ്ങളിൽ പ്രതികളായ 1287 പേർ അറസ്റ്റിലായി. 834 പേരെ കരുതൽ തടങ്കലിലാക്കി.തിരുവനന്തപുരം സിറ്റിയിൽ 25 കേസുകൾ രജിസ്റ്റർ ചെയ്തു. 52 പേർ അറസ്റ്റിലാണ്. 151 പേർ കരുതൽ തടങ്കലിലാണ്. കൊല്ലം സിറ്റിയിൽ 27 കേസ് രജിസ്റ്റർ ചെയ്തു. 169 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 13 പേർ കരുതൽ തടങ്കലിലാണ്.
Comments