കൊച്ചി: വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണം നടത്തുന്നവർക്ക് മറുപടിയുമായി നടി ഭാവന.ദുബായിൽ ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയപ്പോൾ നടി ധരിച്ച വസ്ത്രത്തെ വിമർശിച്ചവർക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഭാവന മറുപടി നൽകിയത്.ടോപ്പിന് താഴെ വസ്ത്രമൊന്നും ധരിക്കാതെയാണ് ഭാവന എത്തിയതെന്നും നടിക്ക് ഇങ്ങനെ പോകാൻ നാണമില്ലേയെന്നുമൊക്കെയായിരുന്നു കമന്റുകൾ. ഭാവന കൈ ഉയർത്തുമ്പോൾ ടോപ്പിന് താഴെ ശരീര ഭാഗങ്ങൾ കണ്ടു എന്നായിരുന്നു വിമർശനം
എന്നാൽ താൻ ടോപ്പിന് താഴെ ധരിച്ചിരിക്കുന്നത് ശരീരത്തിന്റെ നിറമുള്ള വസ്ത്രമാണെന്നും അതും ടോപ്പിന്റെ ഭാഗം തന്നെയാണെന്നും നടി വ്യക്തമാക്കി.അകത്ത് സ്ലിപ്പെന്ന ഭാഗം ചേർത്തുള്ളതാണ് പരിപാടിയിൽ ധരിച്ച വസ്ത്രം. ആ സ്ലിപ്പ് ദേഹത്തോട് ചേർന്ന് കിടക്കുന്ന വസ്ത്രമാണ്. ഇതൊന്നും ഒരു പുതിയ കണ്ടുപിടിത്തമേ അല്ല. നിരവധി പേർ ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കാറുണ്ട്. ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നവർക്കും ഇത് കണ്ടവർക്കുമെല്ലാം വസ്ത്രങ്ങളെ കുറിച്ച് കൃത്യമായി അറിയാമെന്ന് നടി പറയുന്നു.
എന്ത് കിട്ടിയാലും തന്നെ ആക്ഷേപിക്കാനും വേദനിപ്പിക്കാനും വരുന്ന ചിലരുണ്ടെന്നും അവർക്ക് തന്നെ അസഭ്യം പറയുന്നതിലും പരിഹസിക്കുന്നതിലുമാണ് താത്പര്യം എന്നും ഭാവന പറഞ്ഞു. തന്നെ വിമർശിച്ചവർക്ക് സന്തോഷവും മനസുഖവും കിട്ടുന്നുണ്ടെങ്കിൽ ആവട്ടെ. അത്തരക്കാരോട് മറ്റൊന്നും തനിക്ക് പറയാനില്ലെന്നും നടി കൂട്ടിച്ചേർത്തു.
എല്ലാം ശരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീർക്കാൻ ശ്രമിക്കുകയാണ്. പ്രിയപ്പെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചു സങ്കടങ്ങൾ മാറ്റി വെക്കാൻ നോക്കുകയാണ്.താൻ എന്തു ചെയ്താലും ആക്ഷേപിക്കാനും, ചീത്ത വാക്കുകൾ ഉപയോഗിച്ച് വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാനും നോക്കുന്ന ഒരുപാട് പേർ ഉണ്ടെന്ന് ബോധ്യമുണ്ട്. അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നതെന്നും അറിയാം. അങ്ങനെ ആണ് നിങ്ങൾക്കു സന്തോഷം കിട്ടുന്നത് എങ്കിൽ അതിലും താൻ തടസം നിൽക്കില്ലെന്ന് ഭാവന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Comments