സൂറത്ത്: സ്വന്തം നാട്ടിൽ ആവേശമായി പ്രധാനസേവകൻ. ദ്വിദിന സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സൂറത്തിലെ ജനങ്ങൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഗുജറാത്തിൽ 34000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സൂറത്ത് സ്വന്തം നാഗരമാണ് എന്നു പറഞ്ഞ നരേന്ദ്രമോദിയുടെ വാക്കുകളെ ഹർഷാരവത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. ഗുജറാത്ത് സർക്കാർ സൂറത്തിൽ അടിസ്ഥാനവികസനങ്ങൾക്കായി മികച്ച സംഭാവനകൾ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് താഴെ തട്ടിലുള്ളവർക്കും മദ്ധ്യവർഗത്തിനും സർക്കാർ ഭവനങ്ങൾ നൽകി. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം 32 ലക്ഷം ജനങ്ങൾക്ക് ചികിത്സാസൗകര്യം ലഭ്യമാക്കി. ഇതിൽ 1.25 ലക്ഷം പേരും സൂറത്തിൽ നിന്നുള്ളവരാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. ഇന്ത്യയിലെമ്പാടും നാലുകോടി ജനങ്ങൾക്കാണ് പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിച്ചത്. ഗുജറാത്തിലെ അടിസ്ഥാന സൗകര്യങ്ങളടക്കമുള്ള വികസന പദ്ധതികൾക്ക് തറക്കല്ലിടാൻ സാധിച്ചതിൽ അഭിമാനം ഉണ്ടെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
സൂറത്ത് ഐക്യത്തിന്റെ മികച്ച ഉദാഹരണമാണ്. ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. സൂറത്ത് മിനി ഇന്ത്യയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘പണ്ട് ഡൽഹിലിരുന്ന സർക്കാരിനോട് സൂറത്തിന് ഒരു വിമാനത്താവളം വേണമെന്ന് പറഞ്ഞു മടുത്തിരുന്നു. ഈ നഗരത്തിന്റെ ശക്തി എന്താണെന്ന് അക്കാലത്ത് ആവർത്തിച്ചു പറയേണ്ടി വന്നു. ഇപ്പോൾ കണ്ടില്ലേ നിരവധി വിമാനങ്ങള്‍ ഇവിടെ നിന്ന് പറന്നുയരുന്നു’ എന്ന് യുപിഎ സര്‍ക്കാരിനെയും നരേന്ദ്രമോദി വിമർശിച്ചു.
Comments