ഗുവാഹട്ടി: മിന്നൽ ഫോമിൽ ബാറ്റിംഗ് തുടരുന്ന സൂര്യകുമാർ യാദവും ഫോമിലേക്ക് മടങ്ങിയെത്തിയ വിരാട് കോഹ്ലിയും കെ എൽ രാഹുലും രോഹിത് ശർമ്മയും കളം നിറഞ്ഞാടിയപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുത്തു. രാഹുലും സൂര്യകുമാർ യാദവും അർദ്ധ സെഞ്ച്വറികൾ നേടി. 28 പന്തിൽ 49 റൺസുമായി വിരാട് കോഹ്ലിയും 6 പന്തിൽ 17 റൺസുമായി ദിനേശ് കാർത്തിക്കും പുറത്താകാതെ നിന്നു.
22 പന്തിൽ 5 സിക്സുകളുടെയും 5 ഫോറുകളുടെയും അകമ്പടിയോടെ 61 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ട്വന്റി 20യിൽ ഒരു ഇന്ത്യക്കാരന്റെ എക്കാലത്തെയും വേഗമേറിയ രണ്ടാമത്തെ അർദ്ധ ശതകമാണ് സൂര്യകുമാർ യാദവ് കുറിച്ചത്. രാഹുൽ 28 പന്തിൽ 57 റൺസും രോഹിത് ശർമ്മ 37 പന്തിൽ 43 റൺസും നേടി.
ദക്ഷിണാഫിക്കൻ ബൗളർമാരെല്ലാം കണക്കിന് തല്ല് വാങ്ങിയപ്പോൾ, സ്പിന്നർ കേശവ് മഹാരാജ് മാത്രം വേറിട്ട് നിന്നു. 4 ഓവറിൽ 23 റൺസ് മാത്രം വിട്ടു കൊടുത്ത് മഹാരാജ് 2 വിക്കറ്റ് വീഴ്‌ത്തി.
ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ 8 വിക്കറ്റിന്റെ തകർപ്പൻ ജയം നേടിയിരുന്നു. ബൗളിംഗിലും ഫീൽഡിംഗിലും ഒരേ പോലെ മികവ് പുലർത്തിയായിരുന്നു മത്സരത്തിൽ ഇന്ത്യ വിജയിച്ചത്. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. പരമ്പരയിലെ അവസാന മത്സരം ഒക്ടോബർ 4ന് ഇൻഡോറിലാണ്.
Comments