ന്യൂഡൽഹി: ഡൽഹിയിൽ നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നാല് പ്രവർത്തകർ കൂടി അറസ്റ്റിൽ. ഷഹീൻബാഗ് സ്വദേശികളായ മുഹമ്മദ് ഷുഹൈബ്, ഹബീബ് അസ്ഗർ ജമാലി, അബ്ദുൾ റാബ്ബ്, വാരിഷ് എന്നിവരാണ് അറസ്റ്റിലായത്. യുഎപിഎ നിയമപ്രകാരമാണ് നടപടി.
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ നാല് പേർക്കുമെതിരെ ഷഹീൻബാഗ് പോലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. നാലംഗ സംഘം രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പരിശോധനയും നടത്തിയിരുന്നു. ഇതിൽ നാലുപേർക്കുമെതിരെ തെളിവുകൾ ലഭിച്ചതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് മുൻപ് 50 ഇടങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്. 32 പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെയുള്ള ഡൽഹിയിലെ ആദ്യ അറസ്റ്റാണ് ഇതെന്ന് പോലീസ് പറഞ്ഞു.
Comments