ന്യൂഡൽഹി : കൈറോ ലോകചാമ്പ്യൻഷിപ്പിൽ സുവർണ്ണ നേട്ടത്തോടെ പാരീസ് ഒളിമ്പ്ക് സിന് യോഗ്യത നേടി ഇന്ത്യൻ യുവ താരം രുദ്രാംക്ഷ് പാട്ടീൽ. ഷൂട്ടിംഗ് ഇനത്തിൽ പത്ത് മീറ്റർ എയർ റൈഫിളിലാണ് പാട്ടീൽ സ്വർണ്ണം നേടിയത്. ഇന്ത്യൻ താരങ്ങളിൽ ലോകചാമ്പ്യൻ ഷിപ്പിൽ ഇതേ ഇനത്തിൽ സ്വർണ്ണം നേടുന്ന രണ്ടാമത്തെ താരമാണ് രുദ്രാംക്ഷ്.
പതിനെട്ടുകാരനായ രുദ്രാംക്ഷ് ഇറ്റലിയുടെ ഡാനിലോ ഡെന്നീസ് സൊളാസോവിനെ 17-13 എന്ന നിലയിലാണ് തോൽപ്പിച്ചത്. നാല് പോയിന്റിലേറെ പിന്നിൽ നിന്ന ശേഷമാണ് മികച്ച പ്രകടനത്തോടെ മത്സരം തിരികെ പിടിച്ച് സ്വർണ്ണം നേടിയത്. ലോകചാമ്പ്യൻഷിപ്പിൽ ഇതുവരെ സ്വർണ്ണം നേടിയ ആറ് ഇന്ത്യൻ താരങ്ങളിൽ ഒരാളായി രുദ്രാംക്ഷും കായിക ചരിത്രത്തിൽ ഇടംനേടിയിരിക്കുകയാണ്.
ഷൂട്ടിംഗ് ഇനത്തിൽ വിവിധ വിഭാഗങ്ങളിലായി നാല് പേർക്കാണ് ഒളിമ്പിക്‌സിലേയ്‌ക്ക് യോഗ്യത നേടാനാവുക. ഇതിനകം രണ്ടു ഇനങ്ങളിലായി പാട്ടീൽ അടക്കം രണ്ടുപേർ യോഗ്യത നേടിക്കഴിഞ്ഞു. ഇത്തവണ ആദ്യ യോഗ്യത ഷൂട്ടിംഗിൽ നേടിയത് കൊയേഷ്യയിലെ ഷോട്ഗൺ ലോകചാമ്പ്യൻ ഷിപ്പിൽ സ്വർണ്ണം കൊയ്ത ഭൗനീഷ് മെന്തിരാത്തയാണ്.















