അങ്കമാലി : അങ്കമാലിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ച് പ്രവാസി യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം ചെമ്മാട് സ്വദേശി സെലീന ഷാഫിയാണ്(38) മരിച്ചത്. അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാന്റിന് മുന്നിൽ വെച്ചായിരുന്നു അപകടം.
സൗദിയിൽ നിന്ന് ഇന്നലെ രാത്രിയോടെ നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ സെലീന ബന്ധുക്കൾക്കൊപ്പം നാട്ടിലേക്ക് പോകുന്നതിനിടെയാണ് അപടത്തിൽ പെട്ടത്. സ്റ്റാന്റിലേക്ക് കയറുകയായിരുന്ന കെഎസ്ആർടിസി ലോ ഫ്ലോർ ബസിലേക്ക് ടൂറിസ്റ്റ് ബസ് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിലെ ചില്ല് തകർന്ന് പിൻവശത്തിരുന്ന സെലീന റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ സെലീനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബെംഗളൂരുവിൽ നിന്നും പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസും കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോ ഫ്ളോർ ബസുമാണ് അപകടത്തിൽപ്പെട്ടത്. ബസിൽ ഒപ്പമുണ്ടായിരുന്ന സെലീനയുടെ ബന്ധുവിന് അപകടം നേരിൽ കണ്ടതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
Comments