തിരുവനന്തപുരം; എകെജി സെന്ററിന് നേരെ നടന്ന പടക്കമേറ് കേസിൽ താൻ നിരപരാധിയാണെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിൻ. പോലീസ് തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നും മാനനഷ്ടക്കേസ് നൽകുമെന്നും ജിതിൻ പറഞ്ഞു. ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ശേഷമായിരുന്നു ജിതിന്റെ പ്രതികരണം.
സർക്കാരും പോലീസും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് പടക്കമേറ് കേസിൽ കുടുക്കിയതെന്ന് ജിതിൻ ആരോപിച്ചു. കഞ്ചാവ് കേസിൽ കുടുക്കുമെന്നും വീട്ടുകാരെ നോവിക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിൻ വെളിപ്പെടുത്തി.ഗൗരീശപട്ടത്ത് പോയത് ഊബർ ഓടാനാണ്. സ്‌കൂട്ടറിനെക്കുറിച്ചറിയില്ല. സംഭവസമയം യൂബര്ർ ഓടിക്കുകയായിരുന്നു അതുവച്ചാണ് കുടുക്കിയത്. താൻ ആ പരിസരത്ത് ഒരിടത്തും പോയിട്ടില്ലെന്നും ജിതിൻ പറഞ്ഞു.
വൈകിട്ട് 5 മണിവരെ കെഎസ്ഇബിക്കായി ഓടുന്ന വണ്ടി വൈകിട്ട് യൂബർ ഓടിക്കുന്നതാണ്. പോലീസ് പറയുന്ന സമയത്ത് വാഹനത്തിൽ യാത്രക്കാർ ഉണ്ടായിരുന്നതിന്റെ തെളിവുകൾ കൈവശം ഉണ്ടെന്ന് ജിതിൻ കൂട്ടിച്ചേർത്തു.
ഗൂഢാലോചനയ്‌ക്കെതിരെയും സംഭവത്തിൽ തനിക്കുണ്ടായ അപമാനത്തിൽ നഷ്ടപരിഹാരത്തിനും വേണ്ടി നിയമപരമായി മുന്നോട്ട് പോകും. ഇതിൽ ഏതെങ്കിലും തരത്തിലുള്ള പങ്കും ഇല്ലെന്ന് ജിതിൻ ആവർത്തിച്ചു.
Comments