കോയമ്പത്തൂർ; കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുമ്പിലുണ്ടായ കാർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. മരിച്ച ജമേഷ മുബിന്റെ(25) ബന്ധുവീടുകളിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് കൂടുതൽ അറസ്റ്റുകളിലേക്ക് അന്വേഷണസംഘം നീങ്ങുന്നത്. ഇത് വരെ ഉക്കടം സ്വദേശികളും മുബിന്റെ അടുത്ത സുഹൃത്തുക്കളുമായ അഞ്ചുപേരാണ് അറസ്റ്റിലായത്. ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്.ചാവേർ ആക്രമണമാണെന്നതിന് കൂടുതൽ തെളിവ് ലഭിച്ചതിന് പിന്നാലെ പ്രതികളെ ഉടൻ വലയിലാക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.
കേസന്വേഷണം എൻഐഎ ഏറ്റെടുത്ത് ഉത്തരവും ഇന്ന് പുറത്തിറങ്ങിയേക്കും. കേസിൽ ഐഎസ് ബന്ധം ഉൾപ്പെടെ വെളിവായ സാഹചര്യത്തിലാണ് എൻഐഎ കേസ് ഏറ്റെടുക്കുന്നത്. കോടതി കസ്റ്റഡിയിൽ വിട്ട പ്രതികളെ തമിഴ്‌നാട് പോലീസ് കൂടുതൽ ചോദ്യം ചെയ്യും. സ്‌ഫോടനം സംബന്ധിച്ച് തുടക്കം മുതലേ തമിഴ്‌നാട് പോലീസിന്റെ ഭാഗത്ത് വലിയ വീഴ്ചയാണ് ഉണ്ടായത്, ആദ്യഘട്ടത്തിൽ ഗ്യാസ് സിലിണ്ടർ അപകടം എന്ന രീതിയിൽ വിഷയത്തെ നിസാരവൽക്കരിക്കാനാണ് തമിഴ്‌നാട് പോലീസ് ശ്രമിച്ചത്. ഇതിന് പിന്നാലെ പോലീസിനും, സർക്കാരിനും എതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. കേസ് എൻ ഐ എ സ്വമേധയാ ഏറ്റെടുക്കുമെന്ന ഘട്ടം വന്നപ്പോൾ ഇന്നലെ വൈകിട്ടോടെ മുഖ്യമന്ത്രി സ്റ്റാലിൻ എൻ ഐ എ അന്വേഷണത്തിന് ശുപാർശ ചെയ്യുകയായിരുന്നു.
അതേസമയം പ്രതികൾ സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈൻ മാർക്കറ്റിങ് സൈറ്റുകളിൽ നിന്നാണെന്ന് കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണർ വി. ബാലകൃഷ്ണൻ പറഞ്ഞു. കൊറിയർ വഴിയും വസ്തുക്കൾ എത്തിയിട്ടുണ്ട്. എല്ലാ നിലയിലും അന്വേഷണം പുരോഗമിയ്‌ക്കുന്നു.എൻഐഎ അന്വേഷണത്തിന് മുഖ്യമന്ത്രി ശുപാർശ ചെയ്തിട്ടുണ്ട്. ഉത്തരവ് വരുന്ന മുറയ്‌ക്ക് അതിനുള്ള നടപടികൾ ആരംഭിയ്‌ക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി മൂന്നുദിവസത്തെ കസ്റ്റഡിയിൽ വിട്ട പ്രതികളെ തമിഴ്‌നാട് പോലീസ് ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. എൻ ഐഎ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ കോയമ്പത്തൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
Comments