തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തിനെതിരെ ഇന്ന് കടലിലും കരയിലും ലത്തീൻ സഭയുടെ പ്രതിഷേധം. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ഇന്ന് നൂറാം ദിനം പിന്നിടുകയാണ്. ജൂലൈ ഇരുപത്തിനാലിന് സെക്രട്ടറിയേറ്റിന് മുന്നിൽ വിഴിഞ്ഞം തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികൾ സമരം ആരംഭിച്ചത്. നൂറ് ദിവസം പിന്നിടുന്ന ഈ വേളയിൽ തിരുവനന്തപുരം ജില്ലയിലെ 196 ഇടവകകളിൽ നിന്നും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ സഭാ വിശ്വാസികൾ ഇന്ന് പ്രതിഷേധത്തിന് ഇറങ്ങും.
മുതലപ്പൊഴിയിൽ നിന്ന് കടൽ വഴി പോർട്ടിന് അടുത്തെത്തി ശക്തമായ മുന്നറിയിപ്പ് നൽകാനാണ് സമരസമിതിയുടെ നീക്കം. 100ൽ അധികം മത്സ്യബന്ധന വള്ളങ്ങൾ കടലിൽ പ്രതിഷേധം തീർക്കും.പുതുകുറിച്ചി, അഞ്ചുതെങ്ങ് ഫെറോനകളുടെ നേതൃത്വത്തിലാണ് കടൽ വഴിയുള്ള സമരം.മുല്ലൂരിലും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ബഹുജന കൺവെൻഷനും ഇന്നുണ്ട്.തലപ്പൊഴി പാലവും സമരക്കാർ ഉപരോധിക്കും. ഇതോടെ തീരദേശ പാതയിലൂടെയുള്ള ഗതാഗതവും തടസ്സപ്പെട്ടേക്കും.
ഇത് രണ്ടാം തവണയാണ് കരയിലും കടലിലും പ്രതിഷേധിക്കുന്നത്. പലതവണ ലത്തീൻ സഭ മന്ത്രിതല ഉപസമിതിയുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിരുന്നു.ജില്ല മജിസ്‌ട്രേറ്റും ഹൈക്കോടതിയും പദ്ധതി പ്രദേശത്തെ അനധികൃത നിർമ്മാണങ്ങളെല്ലാം പൊളിച്ചു മാറ്റാൻ ലത്തീൻ സഭയ്‌ക്ക് നിർദ്ദേശം നൽകി.
കോടതി ഉത്തരവുകൾ എല്ലാം ലംഘിച്ചുകൊണ്ട് സഭ സമരവുമായി മുന്നോട്ട് പോവുകയായിരുന്നു. സാധാരണ ജനങ്ങളെ വലച്ചുകൊണ്ട് റോഡുകൾ ഉപരോധിക്കുകയും തീരശോഷണം പഠിക്കാനായി സ്വന്തം നിലയിൽ ജനകീയ സമിതിയെയും സഭ രൂപീകരിക്കുകയും ചെയ്തു. തുറമുഖ നിർമ്മാണം വയ്‌ക്കുന്നത് വരെ സമരത്തിൽ നിന്നും പിന്നോട്ട് ഇല്ലന്നാണ് സമരസമിതി അറിയിക്കുന്നത്.
Comments