വാഷിംഗ്ടൺ : ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച് അമേരിക്കയിൽ വിൽപ്പന നടത്തിയ ഹനുമൽ വിഗ്രഹം കണ്ടെത്തി ഇന്ത്യയെ തിരികെ ഏൽപ്പിച്ചെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. അഞ്ഞൂറ് വർഷം പഴക്കമുള്ള പുരാതന വിഗ്രഹമാണ് കള്ളക്കടത്തു വിഗ്രഹമോഷണ സംഘം അമേരിക്കയിൽ എത്തിച്ചതെന്നും ബ്ലിങ്കൻ പറഞ്ഞു.
സമീപ കാലത്ത് ഇന്ത്യാ ഗവൺമെന്റുമായുള്ള ധാരണ പ്രകാരം പുരാവസ്തുവായും അല്ലാതേയും അമേരിക്കയിൽ പലഭാഗത്തും കണ്ടെത്തിയ നിരവധി വിഗ്രഹങ്ങൾ ഇന്ത്യയിൽ നിന്നും മോഷ്ടിച്ച് കടത്തിക്കൊണ്ടുവന്നവയാണെന്ന് കണ്ടെത്തിയിരുന്നു. ഇരുരാജ്യ ങ്ങളുടേയും വിദേശകാര്യവകുപ്പുകൾ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് ഇത്തരം സാംസ്‌കാരികമായ സംരക്ഷണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും ബ്ലിങ്കൻ പറഞ്ഞു.
ആഗോളതലത്തിൽ അമേരിക്കൻ എംബസിയുള്ള എല്ലാ രാജ്യങ്ങളിലും ഇന്ത്യൻ സമൂഹത്തിന്റെ ഒത്തുകൂടൽ ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് നടക്കുകയാണെന്നും ബ്ലിങ്കൻ അറിയിച്ചു. എല്ലാ രാജ്യങ്ങളുടേയും സാംസ്കാരിക ആഘോഷങ്ങളെ ഏറെ ആദരവോടെയും ആഹ്ലാദത്തോടെയും ആഘോഷിക്കാൻ സാധിക്കുന്നതിന്ർറെ സന്തോഷവും ആന്റണി ബ്ലിങ്കൻ പങ്കുവെച്ചു.















