മലപ്പുറം : തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വലിയാട് സ്വദേശി വിപിൻ ദാസാണ് മരിച്ചത്. ബൈക്കിൽ നിന്ന് വീണ വിപിന്റെ ശരീരത്തിലൂടെ കാർ കയറി ഇറങ്ങുകയായിരുന്നു. മലപ്പുറം എടപ്പാളിലാണ് അപകടം ഉണ്ടായത്.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവാവ്. അപകട സ്ഥലത്ത് എത്തിയപ്പോൾ പെട്ടന്ന് ഒരു നായ വാഹനത്തിന് മുന്നിലേക്ക് ചാടുകയാണ് ഉണ്ടായത്. നായയെ രക്ഷിക്കുന്നതിന് വേണ്ടി ബൈക്ക് വെട്ടിക്കുമ്പോഴാണ് വിപിൻ ബൈക്കിന്റെ നിയന്ത്രണം വിട്ട് വീഴുന്നത്. പിന്നാലെ അമിത വേഗതയിൽ എത്തിയ കാർ യുവാവിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.
ഈ കാർ നിർത്താതെ പോവുകയും ചെയ്തു. ആരാണ് ഈ കാർ ഓടിച്ചിരുന്നത് എന്ന് വ്യക്തമായിട്ടില്ല.നാട്ടുകാർ ചേർന്ന് വിപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിപിന് അപകടം പറ്റിയ സ്ഥലത്തിന് അടുത്തായി നായയും പരിക്കേറ്റ് കിടന്നിരുന്നതായി നാട്ടുകാർ പറയുന്നു. ഈ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ വ്യക്തമാക്കി.
Comments