മലപ്പുറം: കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. മലപ്പുറം തിരൂരിലാണ് സംഭവം. മൂന്നും നാലും വയസുള്ള കുട്ടികളാണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തിൽ വീണായിരുന്നു അപകടം. അമൻ സയാൻ (3), റിയ(4) എന്നിവരാണ് മരിച്ചത്. ഇരുവരും അടുത്തടുത്ത വീടുകളിലെ കുട്ടികളാണ്.
വീടിന് തൊട്ടുപിറകിലാണ് അപകടം സംഭവിച്ച കുളം സ്ഥിതിചെയ്യുന്നത്. കുട്ടികളെ കാണാതായി തിരച്ചിൽ നടത്തിയപ്പോഴാണ് കുളത്തിൽ വീണ വിവരം വീട്ടുകാർ അറിയുന്നത്. നാട്ടുകാരെത്തി കുട്ടികളെ കരയ്ക്കെത്തിച്ചെങ്കിലും അപ്പോഴേക്കും രണ്ട് പേരും മരിച്ചിരുന്നു.
കാവുങ്ങപ്പറമ്പിൽ നൗഷാദ് – നജ്ല ദമ്പതികളുടെ മകനാണ് മരിച്ച അമൻ സയാൻ. പാറപ്പുറത്ത് വീട്ടിൽ റഷീദ്-റഹിയാനത്ത് ദമ്പതികളുടെ മകളാണ് റിയ. തൃക്കണ്ടിയൂർ അംഗനവാടിക്ക് സമീപമാണ് അപകടം സംഭവിച്ച കുളം സ്ഥിതി ചെയ്യുന്നത്. മൃതദേഹങ്ങൾ നിലവിൽ തിരൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ചെറുതോണിക്ക് സമീപം പെരിയാറിൽ വീണ് നേരത്തെ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചിരുന്നു. മുരിക്കാശ്ശേരി രാജമുടി മാർ സ്ലീവാ കോളേജിലെ മൂന്നാം വർഷ ജിയോളജി വിദ്യാർത്ഥിയും റാന്നി അത്തിക്കയം സ്വദേശിയുമായ അഭിജിത്താണ് (20) മരിച്ചത്. കുളിക്കാൻ വേണ്ടി പുഴയിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്.
Comments