കൊച്ചി: കേരള സംസ്ഥാന എക്സൈസ് വകുപ്പും, ഫസ്റ്റ് എയ്ഡ് ചാരിറ്റബിൾ ട്രസ്റ്റും, അജി നോറ ഗ്ലോബൽ വെഞ്ചേഴ്സും സംയുക്തമായി സംഘടപ്പിച്ച ” YES TO FOOTBALL NO TO DRUGS” എന്ന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ഫുട്ബോൾ മത്സരത്തിൽ സിനിമ സംഘടനയായ അമ്മ ടീമിന് അട്ടിമറി വിജയം. ഫൈനൽ മത്സരത്തിൽ എക്സ്സൈസ് ടീമിനെ എതിരില്ലാത്ത 3 ഗോളുകൾ നേടിക്കൊണ്ടാണ് സിനിമാ താരങ്ങളുടെ ടീം പരാജയപ്പെടുത്തിയത്. വിജയിക്കുള്ള ട്രോഫി അമ്മ ടീം ക്യാപ്റ്റൻ ടിനി ടോം ഏറ്റുവാങ്ങി.
സെമിഫൈനൽ മൽസരത്തിൽ കോർപ്പറേറ്റ് ടീമിനെ എതിരില്ലാത്ത 4 ഗോളുകൾ നേടിക്കൊണ്ടായിരുന്നു അമ്മ ടീം ഫൈനലിൽ പ്രവേശിച്ചത്. ലഹരിവിരുദ്ധ മാസാചരണത്തോടനുബന്ധിച്ച് ‘ലഹരിക്കു പകരം കായിക ലഹരി’ എന്ന ആപ്തവാക്യം യുവ മനസ്സുകളെ ഓർമ്മപ്പെടുത്തിക്കൊണ്ട് നവംബർ 1-ന് വൈകുന്നേരം 7 മണിക്ക് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് ഫുട്ബോൾ ടൂർണമെന്റ് നടന്നത്.
ടിനിടോം, സാജു നവോദയ, രാജീവ് പിള്ള, മണികണ്ഠൻ, പ്രജോദ് കലാഭവൻ, അൻസിബ, ഇടവേള ബാബു, സിദ്ധാർത്ഥ് ശിവ എന്നിവരായിരുന്ന അമ്മ ടീം അംഗങ്ങൾ. അമ്മ ടീം ക്യാപ്റ്റൻ ടിനി ടോം ലഹരിക്കെതിരെ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നടത്തി സംസാരിച്ചു. എറണാകുളം ഡിവിഷൻ കൗൺസിലർ പത്മജ എസ് മേനോൻ, ബിജെപി ജില്ല ജന.സെക്രട്ടറി അഡ്വ. കെ.എസ് ഷൈജു, സെക്രട്ടറിയും കൗൺസിലറുമായ അഡ്വ.പ്രിയ പ്രശാന്ത് എന്നിവരും കുട്ടികളോട് സംസാരിച്ചു.
Comments