കോട്ടയം: വിദഗ്ധ ചികിത്സയ്ക്കായി ഉമ്മൻചാണ്ടി നാളെ ജർമ്മനിയിലേക്ക് പോകും. ജർമ്മനിയിലെ ചാരിറ്റി ക്ലിനിക്കിലാണ് അദ്ദേഹത്തിന് ചികിത്സ നിശ്ചയിച്ചിരിക്കുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് ചാരിറ്റി ക്ലിനിക്ക്. നാളെ രാവിലെ തിരുവനന്തപുരത്ത് നിന്നാണ് ഉമ്മൻചാണ്ടി യാത്ര തിരിക്കുന്നത്.
ശസ്ത്രക്രിയ ആവശ്യമായി വന്നാൽ അതുംകൂടി ചെയ്ത ശേഷമേ തിരികെ എത്തൂ എന്നാണ് കുടുംബം വ്യക്തമാക്കിയിരിക്കുന്നത്. മക്കളായ ചാണ്ടി ഉമ്മൻ, മറിയ, ബെന്നി ബെഹനാൻ എംപി, കോൺഗ്രസ് പ്രവർത്തകനായ ജിൻസൺ എന്നിവരാണ് അദ്ദേഹത്തോടൊപ്പം ജർമ്മനിയിലേക്ക് പോകുന്നത്. മറ്റൊരു മകളായ അച്ചു ഉമ്മനും ജർമ്മനി യാത്രയ്‌ക്കുള്ള വിസയ്‌ക്കായി ദുബായിൽ അപേക്ഷ നൽകിയിട്ടുണ്ട്.
312 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ആശുപത്രിയാണ് ചാരിറ്റി ക്ലിനിക്ക്. 11 നൊബേൽ സമ്മാന ജേതാക്കൾ ഇവിടെ ഗവേഷകരായി പ്രവർത്തിച്ചിട്ടുണ്ട്. മലയാളികളുൾപ്പെടെ പതിനായിരത്തിലധികം ആളുകളാണ് ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്.
Comments