അഡ്‌ലെയ്ഡ്: ക്രിക്കറ്റ് അനിശ്ചിതത്വത്തിന്റെ കളിയാണെന്ന് വിശേഷിപ്പിക്കാറുണ്ട്. ഏത് നിമിഷം വേണമെങ്കിലും കാര്യങ്ങൾ മാറിമറിയാം. ടി 20 ലോകകപ്പിൽ ഗ്രൂപ്പ് രണ്ടിൽ പാകിസ്താൻ കടന്നത് തികച്ചും അവിചാരിതമായാണ്. അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്ക തോറ്റതോടെയാണ് പാകിസ്താന് കാര്യങ്ങൾ അനുകൂലമായത്.
ജീവൻമരണ പോരാട്ടത്തിൽ ബംഗ്ലാദേശിനെ 5 വിക്കറ്റിന് കീഴടക്കിയാണ് പാക് ടീം അവസാന നാലിൽ ഇടംപിടിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 8 വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് എടുത്തു. ഓപ്പണർ നജ്മുൽ ഹൊസെയ്ൻ സാന്തോ(54) മാത്രമാണ് ബംഗ്ലാ നിരയിൽ തിളങ്ങിയത്. ക്യാപ്റ്റൻ ഷക്കീബ് അൽഹസൻ(0) ആദ്യ പന്തിൽ തന്നെ മടങ്ങിയതും തിരിച്ചടിയായി.
മദ്ധ്യനിരയും വാലറ്റവും റൺ കണ്ടെത്തുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ടപ്പോൾ വലിയ വിജയലക്ഷ്യം ഉയർത്തുന്നതിൽ ടീം പരാജയപ്പെട്ടു. നാല് വിക്കറ്റുകൾ വീഴ്‌ത്തിയ ഷഹീൻ അഫ്രിദിയാണ് ബംഗ്ലാദേശിന്റെ കഥ കഴിച്ചത്. അഫ്രിദി തന്നെയാണ് കളിയിലെ താരം. കുറഞ്ഞ വിജയലക്ഷ്യം മുൻനിർത്തി ബാറ്റിംഗ് തുടങ്ങിയ പാകിസ്താൻ ശ്രദ്ധയോടെയാണ് തുടങ്ങിയത്. 18.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്ന് സെമി ഉറപ്പിക്കുകയായിരുന്നു. മുഹമദ് റിസ്വാൻ(32), അസം ബാബർ(25), മുഹമദ് ഹാരിസ്(31), ഷാൻ മസൂദ്(24*) എന്നിവരാണ് പാക് നിരയെ വിജയത്തിലേക്ക് നയിച്ചത്.
Comments