കൊല്ലം: പ്രശസ്ത സിനിമ-നാടക നടിയും ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ കൊച്ചിൻ അമ്മിണിയുടെ(മേരി ജോൺ-80) അന്ത്യം മലയാള സിനിമയ്‌ക്കും നാടക മേഖലയ്‌ക്കും തീരാ നോവാണ്. നടി ശാരദയുടെ മിക്ക മലയാള കഥാപാത്രങ്ങൾക്കും ശബ്ദം നൽകിയ ഡബ്ബിംഗ് ആർട്ടിസ്റ്റാണ് കൊച്ചിൻ അമ്മിണി. രോഗബാധിതയായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. 48 വർഷമായി വാടക വീടുകളിലാണ് താമസിച്ചത്. 12-ാംവയസ്സിലാണ് നടകവേദിയിലെത്തുന്നത്. നൂറിലധികം നാടകങ്ങളിൽ അഭിനയിച്ചു.
1961-ൽ കണ്ടംബെച്ച കോട്ടിലൂടെ സിനിമയിലെത്തി. 1951-ൽ പുറത്തിറങ്ങിയ ജീവിതനൗകയിലൂടെയാണ് ഡബ്ബിംഗ് കലാകാരിയാകുന്നത്. ശാരദയുടെ ആദ്യ മലയാള ചിത്രമായ ഇണപ്രാവിൽ ശബ്ദം നൽകി കൊണ്ട് നീണ്ട 13 വർഷം ചുരുക്കം ചില സനിമകൾ ഒഴിച്ച് ശാരദയ്‌ക്ക് ശബ്ദം നൽകാൻ അമ്മിണിയ്‌ക്കായി. അടിമകൾ എന്ന ചിത്രത്തിൽ ശബ്ദം നൽകിയതിനൊപ്പം ശാരദയുടെ അമ്മയായും ഇവർ അഭിനയിച്ചു. ഉദയ സ്റ്റുഡിയോയും കുഞ്ചാക്കോയുമാണ് കൊച്ചിൻ അമ്മിണിക്ക് ഡബ്ബിംഗിന് അവസരം നൽകിയത്.
ശാരദ പുറമെ കുശലകുമാരി, രാജശ്രീ, വിജയനിർമല, ഉഷാകുമാരി, കെ.ആർ.വിജയ, ദേവിക, വിജയശ്രീ, പൂർണിമ ജയറാം തുടങ്ങിയവർക്കും കൊച്ചിൻ അമ്മിണി ഡബ്ബ് ചെയ്തിട്ടുണ്ട്. 1967-ൽ പുറത്തിറങ്ങിയ സിനിമയിൽ രണ്ടു ഗാനങ്ങൾ പാടി. അഗ്നിപുത്രി എന്ന നാടകത്തിൽ വയലാർ എഴുതി അമ്മിണി പാടിയ ‘കണ്ണുതുറക്കാത്ത ദൈവങ്ങളേ…’ എന്നഗാനം ഹിറ്റായി. തോക്കുകൾ കഥ പറയുന്നു, അടിമകൾ, ഭാര്യമാർ സൂക്ഷിക്കുക തുടങ്ങി ഒട്ടേറെ സിനിമകളിലും കൊച്ചിൻ അമ്മിണി അഭിനയിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമി പുരസ്കാരമടക്കം നിരവധി ബഹുമതികളും നേടിയിട്ടുണ്ട്.















